കേസ് പിന്‍വലിക്കുന്നത് പുനപ്പരിശോധിക്കണം

തിരുവനന്തപുരം: നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സഭാചരിത്രത്തിലെ കറുത്ത അധ്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
ഡയസ്സില്‍ കൈയാങ്കളി നടത്തുകയും സ്പീക്കറുടെ കസേര തള്ളിത്താഴെയിടുകയും ചെയ്തത് കടുത്ത കുറ്റകൃത്യമാണ്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഈ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം. സഭയുടെ അന്തസ്സ് നഷ്ടപ്പെടുത്തിയ നടപടിയാണ് ഇടതു പ്രതിനിധികള്‍ ചെയ്തത്. ആ നടപടിയെ അംഗീകരിക്കുകയാണ് മുഖ്യമന്ത്രി. രാജ്യത്തുതന്നെ അത്യപൂര്‍വമായ ഇത്തരമൊരു കേസ് എങ്ങനെ പിന്‍വലിക്കാന്‍ പറ്റുമെന്നും ചെന്നിത്തല ചോദിച്ചു. നീതിബോധമുള്ള ഭരണാധികാരികളില്‍ നിന്ന് ഇത്തരം നടപടിയുണ്ടാവില്ല. മുഖ്യമന്ത്രിയുടെ നീതിബോധം നഷ്ടപ്പെട്ടുവെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
തൃശൂരിലുണ്ടായിട്ട് പോലും കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനോ വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. അഞ്ച് മിനിറ്റ് മാത്രം മതിയായിരുന്നു അങ്ങോട്ടേക്ക് പോവാന്‍. ഒരാഴ്ച കഴിഞ്ഞ് പോവുമെന്നാണ് അദ്ദേഹം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം,   കൈയാങ്കളിക്കേസ് തേച്ചുമായ്ച്ചു കളഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ ജനങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top