കേസ് നിര്‍ണയിച്ചുകൊടുക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെ

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്ക് കേസ് നിര്‍ണയിച്ചുകൊടുക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്ത് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ രൂപീകരിക്കുന്നതിനും കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനുമുള്ള പരമാധികാരം (മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍) ചീഫ് ജസ്റ്റിസിനു തന്നെയെന്ന് ആവര്‍ത്തിച്ചാണ് സുപ്രിംകോടതിയുടെ നടപടി. ഭരണഘടന അനുസരിച്ച് സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും മേധാവി ചീഫ് ജസ്റ്റിസാണ്. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് ചീഫ് ജസ്റ്റിസിന്റെ ചുമതലയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെ അവിശ്വസിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും പൊതുതാല്‍പര്യ ഹരജി തള്ളി ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ലഖ്‌നോ സ്വദേശിയായ അഭിഭാഷകന്‍ അശോക് പാണ്ഡ്യെയുടെ ഹരജിയാണ് ഇന്നലെ പരിഗണിച്ചത്. സമാന ആവശ്യം ഉന്നയിച്ച് മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ നല്‍കിയ ഹരജിയും സുപ്രിംകോടതി മുമ്പാകെയുണ്ട്. ചീഫ് ജസ്റ്റിസിന്റെ അധികാരപദവി വിശദമാക്കണമെന്നാണ് ശാന്തിഭൂഷന്റെ ഹരജിയിലെ ആവശ്യം. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും മറ്റും ചീഫ് ജസ്റ്റിസ് അധികാരദുര്‍വിനിയോഗം നടത്തിയോ എന്നു പരിശോധിക്കണം. ഈ ഹരജി ചീഫ് ജസ്റ്റിസ് ഇല്ലാത്ത മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നും ശാന്തിഭൂഷണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹരജി പരിഗണനയിലിരിക്കെയാണ് ചീഫ് ജസ്റ്റിസിനെതിരായ അശോക് പാണ്ഡ്യെയുടെ ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തന്നെ പരിഗണിച്ചതും തള്ളിയതും.

RELATED STORIES

Share it
Top