കേസ് കശ്മീരില്‍ നിന്ന് മാറ്റണം: പിതാവ് , സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടി

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ കഠ്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കേസിന്റെ വിചാരണ പഞ്ചാബിലെ ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന് കുട്ടിയുടെ പിതാവ്.  ഹരജിയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടി.
പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇവരുടെ അഭിഭാഷക ദീപിക സിങ് രജാവത്, കുടുംബസുഹൃത്ത് താലിബ് ഹുസയ്ന്‍ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നതിന് ജമ്മു-കശ്മീര്‍ പോലിസിന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിക്കുറ്റവാളിയെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ സുരക്ഷ ശക്തമാക്കാനും കോടതി സംസ്ഥാന പോലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരജി ഏപ്രില്‍ 27നു പരിഗണിക്കാനായി മാറ്റി. സംഭവത്തില്‍ സംസ്ഥാന പോലിസിന്റെ കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കുട്ടിയുടെ പിതാവിന്റെ അഭിഭാഷക വാദത്തിനിടെ വ്യക്തമാക്കി. ഇതോടെ ഈ ഘട്ടത്തില്‍ കേസ് സിബിഐക്ക് കൈമാറാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നു ബെഞ്ചും വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കുട്ടിയുടെ പിതാവിന്റെ അഭിഭാഷക ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഹരജി ഉച്ചയ്ക്ക് 2 മണിക്ക് പരിഗണിക്കാന്‍ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. പിതാവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങാണ് സുപ്രിംകോടതിയില്‍ ഹാജരായത്.
കേസില്‍ ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രിംകോടതിയെ സമീപിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇന്നലെ കേസ് പരിഗണിച്ച സെഷന്‍സ് കോടതി കേസിന്റെ വിചാരണ 28ലേക്ക് മാറ്റുകയായിരുന്നു.
എട്ടു പ്രതികളില്‍ കുട്ടിക്കുറ്റവാളിയൊഴികെ ഏഴു പേരെയും ഇന്നലെ ജില്ലാ സെഷന്‍സ് ജഡ്ജി സഞ്ജയ് ഗുപ്ത മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഹ്രസ്വമായ വാദം കേള്‍ക്കലിനു ശേഷം നാലു പോലിസുകാരും ഒരു പൂജാരിയുമടക്കം ഏഴു പേരെയും അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ജയിലിലേക്ക് മാറ്റി. അതിനിടെ, കേസില്‍ നുണപരിശോധന നടത്തണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ പ്രതികളുടെ അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ ആവശ്യപ്പെട്ടു.
നുണപരിശോധന നടത്തിയാല്‍ എല്ലാം വ്യക്തമാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതികളില്‍ ഒരാളുടെ സഹോദരി ആവശ്യപ്പെട്ടു.
അതേസമയം, പ്രതികള്‍ക്ക് എതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്ന 12 ദിവസത്തെ പണിമുടക്ക് ഇന്നലെ പിന്‍വലിച്ചു.
പ്രതികളെ സംരക്ഷിക്കുന്ന നിലപാട് എടുത്ത ബാര്‍ അസോസിയേഷനെ കഴിഞ്ഞ ദിവസം സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഹിന്ദു-മുസ്‌ലിം വിഭാഗീയത ഉടലെടുത്ത കേസിന്റെ വിചാരണ നിഷ്പക്ഷമാക്കുന്നതിനു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി രണ്ടു സിഖ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

RELATED STORIES

Share it
Top