കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി: മാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച് ഡല്‍ഹിയില്‍ പതിനാലുകാരന്‍ ജൂനൈദ് ഖാനെ മര്‍ദിച്ചു കൊന്ന കേസ് ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് സിബിഐ. നിലവില്‍ കേസ് അന്വേഷിക്കുന്ന ഹരിയാന പോലിസ്് നല്ലരീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. അന്വേഷണത്തിന്റെ നിര്‍ണായകമായ ഘട്ടത്തിലാണ് കേസെന്നും സിബിഐ വ്യക്തമാക്കി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജൂനൈദിന്റെ പിതാവ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സിബിഐ നിലപാടറിയിച്ചത്.
പെരുന്നാള്‍ തലേന്ന് ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജൂനൈദിനെ ട്രെയിനില്‍ വച്ച് സംഘപരിവാരം ആക്രമിക്കുന്നത്. കേസില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ കേസില്‍ ഹൈക്കോടതി വിചാരണ കോടതിയിലെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്് സര്‍ക്കാരും, ഈ ഘട്ടത്തില്‍  ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐയും അറിയിച്ചതോടെ ഹരജി നേരത്തെ  ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
തുടര്‍ന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പിതാവ് ഹരജി നല്‍കിയത്. പ്രതികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട ഗ്രാമത്തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ നേതാക്കളേയും ജൂനൈദിന്റെ കുടുംബത്തേയും സ്വധീനിക്കാന്‍ ശ്രമിച്ചുവെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

RELATED STORIES

Share it
Top