കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ മൗനസമ്മതമോ പിന്തുണയോ നല്‍കുന്നതായി സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഫ്രാങ്കോയ്‌ക്കെതിരേ മൊഴിനല്‍കിയ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. മൊഴിനല്‍കിയ ഫോട്ടോഗ്രാഫര്‍ ഷിജോയും കഴിഞ്ഞദിവസം കൂറുമാറിയതായാണ് പുതിയ വിവരമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
കന്യാസ്ത്രീയുടെ ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കൊലക്കേസ് പ്രതിയോടൊപ്പം കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠം സന്ദര്‍ശിച്ച് ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും ഗൗരവമുയര്‍ത്തുന്നതാണ്. സാക്ഷികളെയും ഇരയെയും അപായപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. ഫോട്ടോഗ്രാഫറായ ഷിജോ ഐജി ഓഫിസില്‍ നല്‍കിയ സിഡി, പെന്‍ഡ്രൈവ്, ഫോട്ടോ എന്നിവ അടങ്ങിയ കവറാണ് പി സി ജോര്‍ജ് എംഎല്‍എ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. കാലടി പോലിസിന് ഷിജോ നല്‍കിയ മൊഴിയനുസരിച്ച് ഇവ എറണാകുളം ഐജി ഓഫിസില്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ്. ഇത് പി സി ജോര്‍ജിന്റെ കൈവശം എങ്ങിനെ വന്നൂ എന്നുള്ളതും ദുരൂഹത ഉണര്‍ത്തുന്നതാണ്. എറണാകുളം റേഞ്ച് ഐജി ഇതിന് മറുപടി പറയണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ചില ബിഷപ്പുമാര്‍ നിരന്തരം ഇടയലേഖനങ്ങള്‍ ഇറക്കി ഫ്രാങ്കോയ്ക്ക് പിന്തുണ അര്‍പ്പിക്കുന്നത് സര്‍ക്കാരിനെ സമ്മര്‍ദതന്ത്രത്തിലാക്കാനാണെന്നും ഇവര്‍ ആരോപിച്ചു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ത്രീ സംഗമം സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ഫാ. അഗസ്റ്റിന്‍ വട്ടോളി, സി ആര്‍ നീലകണ്ഠന്‍, പ്രഫ ജോസഫ് വര്‍ഗീസ് പങ്കെടുത്തു.

RELATED STORIES

Share it
Top