കേസൊതുക്കാന്‍ ഉന്നത ഇടപെടല്‍

തിരൂര്‍: തിരൂരില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കേസൊതുക്കാന്‍ ഉന്നത ഇടപെടലും എക്‌സൈസ് ഒത്താശ. വ്യാഴാഴ്ച രാത്രി എംഡിഎംഎ മയക്ക് മരുന്ന് പിടികൂടിയതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എക്‌സൈസ് ഓഫിസിലെത്തിയപ്പോള്‍ നടന്നത് നാടകീയ രംഗങ്ങള്‍. എക്‌സൈസ് അധികൃതരുടെ ഒത്താശ ലഭിച്ചതോടെ പകരക്കാരനെ ഇറക്കി കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമം മാധ്യമ പ്രവര്‍ത്തകരുടെ  ഇടപെടലില്‍ പൊളിഞ്ഞു. പിടിയിലായ യുവാവിന്റെ അതേ പേരുള്ള ഒരാളെ പ്രതിയാക്കി കേസ് അട്ടിമറിക്കാനായിരുന്നു ശ്രമം.
രാവിലെ 11ന് തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് യുവാവിനെയും യുവതിയെയും പിടികൂടിയെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് അധികൃതര്‍ വിവരം  രഹസ്യമാക്കി വെച്ചു. രാത്രി വൈകി എക്‌സൈസിലെ ചിലര്‍ തന്നെ മാധ്യമ  പ്രവര്‍ത്തകര്‍ക്ക് വിവരം ചോര്‍ത്തി നല്‍കി. അതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ റേഞ്ച് ഓഫീസിലെത്തിയത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ രാത്രിയാണ് പിടികൂടിയതെന്നും എംഡിഎംഎ തൂക്കാന്‍ ജ്വല്ലറികളിലുപയോഗിക്കുന്ന തുലാസ് ആവശ്യമായതിനാല്‍ തൂക്കം തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
എക്‌സൈസ് ഓഫിസിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടും എംഡിഎംഎ കേസ് അധികൃതര്‍ രഹസ്യമാക്കി വച്ചു. അത് ചോദ്യം ചെയ്തതോടെ യുവതിയില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസിന്റെ വിശദാംശങ്ങള്‍ നല്‍കി മാധ്യമ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനായി ശ്രമം. ഇതും നടക്കായതോടെ എംഡിഎംഎ കേസിന്റെ കുറഞ്ഞ വിവരങ്ങള്‍ നല്‍കാന്‍ തയാറായി. കൂടുതല്‍ വിശദാംശങ്ങള്‍ വെള്ളിയാഴ്ച വെളിപ്പെടുത്താമെന്നും വ്യക്തമാക്കി.
അധികൃതര്‍ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാള്‍ അധികം എംഡിഎംഎ പ്രതിയുടെ കൈവശമുണ്ടായിരുന്നുവെന്നും ഉന്നത ഇടപെടലിനെ തുടര്‍ന്ന് കേസ് ദുര്‍ബലമാക്കാനായി തൂക്കം കുറച്ച് രേഖപ്പെടുത്തിയതാണെന്നും ആക്ഷേപമുണ്ട്. വ്യാഴാഴ്ച രാത്രി റേഞ്ച് ഓഫിസിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിക്കാനും ശ്രമമുണ്ടായി. പണം കൈയില്‍ പിടിപ്പിച്ച് ആവശ്യമുള്ളത് ചോദിക്കാമെന്നായിരുന്നു വാഗ്ദാനം. വെള്ളിയാഴ്ചയും അധികൃതകര്‍ ഒളിച്ചു കളി തുടര്‍ന്നു.
രാവിലെ പത്തോടെ വിവരങ്ങള്‍ നല്‍കുമെന്ന് വ്യാഴാഴ്ച രാത്രി അറിയിച്ച അധികൃതര്‍ വെള്ളിയാഴ്ച  ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകര്‍ സംഘടിച്ച് റേഞ്ച് ഓഫിസിലെത്തിയതോടെയാണ് വിശദാംശങ്ങള്‍ നല്‍കിയത്.  വാര്‍ത്തസമ്മേളനത്തില്‍ വൈരുധ്യം നിറഞ്ഞ മറുപടികളായിരുന്നു ഉണ്ടായത്. യുവാവിനെയും യുവതിയെയും ഒരുമിച്ച് പിടിച്ചത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. സമയം സംബന്ധിച്ചും തെറ്റായ വിവരമാണ് നല്‍കിയത്. പ്രതിയെ രഹസ്യ മുറിയിലേക്ക് മാറ്റിയ ശേഷമായിരുന്നു വാര്‍ത്ത സമ്മേളനം.
ഒടുവില്‍ പ്രതിയുടെ ദൃശ്യം പകര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ശൗച്യാലയത്തിലാണെന്നായിരുന്നു മറുപടി. അതോടെ മാധ്യമ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കാന്‍ തീരുമാനിച്ചു.  ഉദ്ദേശം നടക്കില്ലെന്ന് വ്യക്തമായതോടെ ഒരു ഉദ്യോഗസ്ഥന്‍ രഹസ്യ മുറിയില്‍ നിന്ന് പ്രതിയെ പുറത്ത് കൊണ്ടു വന്നു. മുഖം പൊത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇയാള്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി. അതോടെ ഫോട്ടോയെടുക്കാന്‍ സൗകര്യം ഒരുക്കാതെ തിരക്കിട്ട് ഇയാളെ വീണ്ടും മുറിയിലേക്ക് മാറ്റി സംരക്ഷിക്കുകയാണ് എക്‌സൈസ് അധികൃതര്‍ ചെയ്തത്.

RELATED STORIES

Share it
Top