കേസെടുത്തതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ

കോഴിക്കോട്: ഫാറൂഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരേ പെണ്‍കുട്ടികളെ അപമാനിച്ചുവെന്ന പേരില്‍ പോലിസ് ജാമ്യമില്ലാ കുറ്റം ചുമത്തിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ജവഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജവഹറിനെതിരേ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാരപ്രവണതയാണെന്ന് ബല്‍റാം പറഞ്ഞു. ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചാരണങ്ങള്‍ നടത്തുന്ന സംഘപരിവാര നേതാക്കള്‍ക്കെതിരേ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്‍ത്തന്നെ അത് മുന്നോട്ടു കൊണ്ടുപോവാനോ ആഭ്യന്തര വകുപ്പിന് കഴിയാതെപോവുന്നുവെന്നത് കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബം, മതം, സ്റ്റേറ്റ് എന്നീ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും സംസ്‌കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കുമൊക്കെ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താന്‍ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്. എന്നാല്‍ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ജൗഹറിനെതിരേ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top