കേസെടുക്കാത്ത മതിലകം എസ്‌ഐക്ക് ലോകായുക്ത നോട്ടീസ്‌

കൊടുങ്ങല്ലൂര്‍: കട്ടന്‍ ബസാര്‍ ജലാലിയ മസ്ജിദിന്റെ 30 സെ ന്റ് ഭൂമി ആധാരങ്ങളുണ്ടാക്കി സ്വന്തം പേരിലാക്കി എന്ന പരാതിയില്‍ കേസെടുക്കാത്തതിനാല്‍ നേരിട്ട് ഹാജരാകുവാന്‍ മതിലകം എസ്‌ഐക്ക് ലോകായുക്ത നോട്ടിസ് അയച്ചു.
കളപ്പുരക്കല്‍ ഹാരിസ്, അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി. 1948ല്‍ മഠത്തിപറമ്പില്‍ മുഹമ്മദ് കുട്ടിയുടെ പേരിലാണ് 30 സെന്റ് എഴുതിവെച്ചത്. അതില്‍ നിന്നുള്ള വരുമാനം ജലാലിയ മസ്ജിദിന്റെ ചിലവുകള്‍ക്കായി നിശ്ചയിച്ചു. എന്നാല്‍ പിന്നീട് ഈ 30 സെ ന്റില്‍ മദ്‌റസ അധ്യാപകനായ മൊയ്തീന്‍കുട്ടി വീട് വെക്കുകയും സ്ഥലം കുടുംബാംഗങ്ങള്‍ക്ക് തീറ് നല്‍കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് വേറെ വ്യക്തികള്‍ക്ക് വില്‍പ്പന നടത്താന്‍ കുടുംബക്കാര്‍ ശ്രമിച്ചു. എങ്കിലും സ്ഥലം വഖ്ഫ് ആയതിനാല്‍ വില്‍പ്പന വഖ്ഫ് ബോര്‍ഡ് സറ്റേ ചെയ്തു.
വഖ്ഫ് സ്വത്ത് സ്വന്തം പേരില്‍ ആക്കുവാന്‍ വ്യാജ ആധാരം ചമച്ചുവെന്ന് ആരോപിച്ചു മതിലകം പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് കേസ് എടുക്കാന്‍ തയ്യാറായില്ല. പോലിസ് നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയിലാണ് മതിലകം എസ്‌ഐയോട് നേരിട്ട് ഹാജരാകുവാന്‍ ലോകായുക്ത നോട്ടിസ് അയച്ചത്.

RELATED STORIES

Share it
Top