കേസുകള്‍ പിന്‍വലിക്കുന്നത് ഇരകളോടുള്ള വെല്ലുവിളി

മുസഫര്‍നഗറിലും ഷാംലിയിലും 2013ലുണ്ടായ വര്‍ഗീയകലാപങ്ങളുമായി ബന്ധപ്പെട്ട 131 കേസുകള്‍ പിന്‍വലിക്കാനുള്ള യുപിയിലെ യോഗി സര്‍ക്കാരിന്റെ നീക്കം വിവാദമായിരിക്കുന്നു. കേസുകള്‍ പിന്‍വലിക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തീരുമാനമെടുത്തതെന്നും നടപടികള്‍ തുടങ്ങിയെന്നും സംസ്ഥാന നിയമമന്ത്രി ബ്രിജേഷ് പഥക് സ്ഥിരീകരിച്ചു. എന്നാല്‍, രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന് എടുത്ത കേസുകള്‍ മാത്രമാണ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. കേസ് പിന്‍വലിക്കണമെന്ന് എല്ലാ കക്ഷിനേതാക്കളില്‍ നിന്നും ആവശ്യമുയര്‍ന്നതായി മന്ത്രി പറയുന്നു.
62 പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്ത കലാപത്തെ തുടര്‍ന്ന് അന്നത്തെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ 1,455 പേരെ പ്രതികളാക്കി 503 കേസുകളെടുത്തു. കുറഞ്ഞത് ഏഴു വര്‍ഷം ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. ബിജെപി നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ ശ്രമം നടന്നിരുന്നു. ഈ വിവരം പുറത്തായത് സാധാരണക്കാരായ ജാട്ടുകളെ പ്രകോപിതരാക്കി.
മുസഫര്‍നഗര്‍, ഷാംലി മേഖലയിലെ ഖാപ് നേതാക്കളും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംഎല്‍എമാരും മറ്റും ഫെബ്രുവരി 5ന് മുഖ്യമന്ത്രി യോഗിയെ കണ്ടിരുന്നു. ജാട്ട് സമുദായത്തില്‍പെട്ട 850 പേര്‍ പ്രതികളായ 179 കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അവയില്‍ 131 കേസുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ നടപടി ആരംഭിച്ചത്. 13 കൊലപാതകക്കേസുകളും 11 വധശ്രമക്കേസുകളുമാണ് പിന്‍വലിക്കുന്നത്. മതവിദ്വേഷം പ്രചരിപ്പിച്ചതിന് 153 എ ചുമത്തിയ 16 കേസുകളും മനപ്പൂര്‍വം മതത്തെയോ മതവിശ്വാസങ്ങളെയോ അവമതിച്ചതിന് 295 എ ചുമത്തിയ രണ്ട് കേസുകളും ഇതിലുള്‍പ്പെടും.
131 കേസുകളുടെ നിലവിലുള്ള അവസ്ഥയും പ്രതികളുടെ വിശദാംശങ്ങളും സംബന്ധിച്ച റിപോര്‍ട്ട് തേടി സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് സിങ് മുസഫര്‍നഗര്‍, ഷാംലി ജില്ലാ മജിസ്‌ടേറ്റുമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. കേസ് 'പൊതുതാല്‍പര്യപ്രകാരം' പിന്‍വലിക്കുന്നതിനെക്കുറിച്ച വ്യക്തമായ അഭിപ്രായവും അതിന്റെ കാരണവും അറിയിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഈ സന്ദേശം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ബന്ധപ്പെട്ട പോലിസ് മേധാവികള്‍ക്കും പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ക്കും കൈമാറിക്കഴിഞ്ഞു.
മുസ്‌ലിം-ജാട്ട് സമുദായനേതാക്കളെ ഒന്നിച്ചിരുത്തി രമ്യമായ അന്തരീക്ഷം പുനസ്ഥാപിക്കുന്നതിന് ഏതാനും മാസങ്ങളായി മുലായം സിങിന്റെ നേതൃത്വത്തില്‍ ശ്രമം ശക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കു ശേഷം പലയിടത്തും മുസ്‌ലിംകളോട് മാപ്പുപറയാനും ഗ്രാമങ്ങളിലേക്ക് തിരിച്ചുവിളിക്കാനും ജാട്ടുകള്‍ സന്നദ്ധമായി. അയല്‍വാസികളായ ജാട്ട് സമുദായാംഗങ്ങളുടെ പേരില്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ മുസ്‌ലിംകളും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇത്തരമൊരു സൗഹൃദം രൂപപ്പെടുന്നതും ജാട്ടുകളും മുസ്‌ലിംകളും കൈകോര്‍ക്കുന്നതും തങ്ങളുടെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന ഹിന്ദുത്വ താല്‍പര്യമല്ലാതെ, ജാട്ടുകള്‍ പ്രതികളായ 131 കേസുകള്‍ പിന്‍വലിക്കാനുള്ള തിരക്കിട്ട നീക്കത്തിനു പിന്നില്‍ മറ്റൊന്നുമല്ല.
കലാപകാരികള്‍ക്കുള്ള സര്‍ക്കാരിന്റെ പൊതുമാപ്പ് ഇരകളോടുള്ള വെല്ലുവിളിയാണ്. അക്രമത്തില്‍ കഷ്ടനഷ്ടങ്ങള്‍ നേരിട്ടവരെയല്ല, കൊലപാതകികളെയാണ് ഭരണകൂടം സംരക്ഷിക്കുന്നതെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്.

RELATED STORIES

Share it
Top