കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം: ഗവര്‍ണര്‍

കാസര്‍കോട്: കോടതികളില്‍ കേസുകള്‍ തീര്‍പ്പാവാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. കാസര്‍കോട് സബ്‌കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അതിവേഗം നീതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാവണം. ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം. കോടതികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. എംപി, എംഎല്‍എ ഫണ്ട് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തണം. കോടതികള്‍ സമ്മര്‍ വെക്കേഷന്‍ എന്ന പേരില്‍ ഏഴ് ആഴ്ചയും വിന്റര്‍ വെക്കേഷന്‍ രണ്ട് ആഴ്ചയും എടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. കോടതികളില്‍ ചൂടുകാലത്ത് ശീതീകരണത്തിനുള്ള സൗകര്യവും ശൈത്യകാലത്ത് ചൂട് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഉണ്ട്. പിന്നെ ഈ കാലയളവില്‍ അവധി നല്‍കുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാസര്‍കോട് കുടുംബകോടതിയും എംഎസിടി കോടതിയും സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും. ഇതിനായി മുഖ്യമന്ത്രി, നിയമവകുപ്പ് മന്ത്രി എന്നിവരുമായി സംസാരിക്കും. രാജധാനി ട്രെയിനിന് കാസര്‍കോട് സ്‌റ്റോപ് അനുവദിക്കുന്നതിന് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഗവര്‍ണര്‍ പറഞ്ഞു. നീതിന്യായവും അഭിഭാഷകരും ഒത്തൊരുമയോടെ മുന്നേറണം. താന്‍ ജസ്റ്റിസായിരിക്കുമ്പോള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുംബൈ സ്‌ഫോടന ക്കേസിന്റെ വിചാരണ തന്നെയാണ് ഏല്‍പ്പിച്ചത്. മറ്റു ജഡ്ജിമാരുടെ പേര് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. അതും നല്‍കി.
10 വര്‍ഷത്തോളം വിചാരണ നടത്തിയാണ് കേസില്‍ വിധിപറഞ്ഞത്. അയോധ്യ കേസിലും താന്‍ വിചാരണ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തില്‍ നിയമപാലകര്‍ മുന്നോട്ടുവരണം-ഗവര്‍ണര്‍ പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top