കേരള ഹൈക്കോടതിയിലേക്ക് അഞ്ചു പുതിയ ജഡ്ജിമാര്‍

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് അഞ്ചു ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. അഭിഭാഷകരായ വി ജി അരുണ്‍, എന്‍ നഗരേഷ്, പി വി കുഞ്ഞികൃഷ്ണന്‍, ജുഡീഷ്യല്‍ ഓഫിസര്‍മാരായ ടി വി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരെയാണ് കൊളീജിയം ഇന്നലെ കേന്ദ്ര നിയമമന്ത്രാലയത്തിനു ശുപാര്‍ശ ചെയ്തത്.
ശുപാര്‍ശ മന്ത്രാലയം സ്വീകരിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്യുന്നതോടെ ഇവര്‍ ഹൈക്കോടതി ജഡ്ജിമാരാവും. അതേസമയം, സ്വത്തുവിവരങ്ങളില്‍ പൊരുത്തക്കേട് കണ്ടതിനാല്‍ പരിഗണനയിലുണ്ടായിരുന്ന അഭിഭാഷകനായ പി ഗോപാലിന്റെ പേര് കൊളീജിയം തടഞ്ഞുവച്ചു. എസ് രമേശ്, വിജു എബ്രഹാം, ജോര്‍ജ് വര്‍ഗീസ് എന്നിവരെ ജഡ്ജിമാരായി ഉയര്‍ത്താനുള്ള കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കുന്നതും നീട്ടിവച്ചു.

RELATED STORIES

Share it
Top