കേരള ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരള ഹജ്ജ് കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി. പ്രളയക്കെടുതികള്‍ക്കിടയിലും അതു ബാധിക്കാതെ തീര്‍ത്ഥാടകര്‍ക്കു സൗകര്യമൊരുക്കിയ നടപടികള്‍ പ്രശംസനീയമാണ്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വോളന്റിയര്‍മാര്‍ക്ക് നല്‍കുന്നതു പോലുള്ള പരിശീലനം മറ്റു സംസ്ഥാനങ്ങളിലുള്ള വോളന്റിയര്‍മാര്‍ക്കും നല്‍കേണ്ടതുണ്ടെന്നും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം വിലയിരുത്താനായി ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കേന്ദ്രം സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ഭരണത്തില്‍ ഇടപെട്ട് തീര്‍ത്ഥാടകര്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തില്‍ തീരുമാനങ്ങളെടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നു യോഗത്തില്‍ സംസാരിച്ച കേരളത്തില്‍ നിന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. അഞ്ചാംവര്‍ഷക്കാര്‍ക്കു നറുക്കെടുപ്പില്ലാതെ തന്നെ ഈ വര്‍ഷം ഹജ്ജിനു പോവാമായിരുന്നു. എന്നാല്‍ അവര്‍ക്ക് അനുകൂലമായി തീരുമാനമെടുത്തത് എല്ലാം കഴിഞ്ഞതിനു ശേഷമാണ്. ഹജ്ജ് സബ്‌സിഡി 2022 വരെ തുടരാമെന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്. എന്നാല്‍, കോടതിയുടെ ഉത്തരവ് വകവയ്ക്കാതെ സബ്‌സിഡി നിര്‍ത്തിലാക്കി ധൃതിപിടിച്ചു തീരുമാനമെടുക്കുകയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
കേന്ദ്ര സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ഹജ്ജ് കമ്മിറ്റികളുടെ അധികാരത്തെ മറികടന്നുകൊണ്ടാണ്. തീര്‍ത്ഥാടകര്‍ക്ക് മിനായില്‍ താമസ, ഭക്ഷണ കാര്യങ്ങളിലുള്ള അസൗകര്യങ്ങളും യോഗത്തില്‍ ഇ ടി ചൂണ്ടിക്കാട്ടി. വരുന്ന ഹജ്ജ് സീസണ്‍ മഴക്കാലത്ത് ആയേക്കാം. ആയതിനാല്‍ ഹജ്ജ് ഷെഡ്യൂള്‍ ആദ്യഘട്ടത്തിലേക്കു മാറ്റി മഴ തുടങ്ങും മുമ്പ് തന്നെ യാത്ര പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top