കേരള വനിത അണ്ടര്‍ 23 ക്രിക്കറ്റ് ടീമിന് ജന്മനാട്ടില്‍ ഗംഭീര സ്വീകരണം

കൊച്ചി: ചരിത്രത്തിലാദ്യമായി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായ കേരള അണ്ടര്‍ 23 വനിതാ ക്രിക്കറ്റ് ടീമിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന അണ്ടര്‍ 23 വനിതകളുടെ ദേശീയ ട്വന്റി 20 ടൂര്‍ണമെന്റിലാണ് കേരളം ചാംപ്യന്മാരായത്. ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
തുടര്‍ന്ന് ടീമംഗങ്ങള്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി സന്തോഷം പങ്കുവച്ചു. കൂട്ടായ പരിശ്രമമാണ് വിജയത്തിനു പിന്നിലെ രഹസ്യമെന്ന് ക്യാപ്റ്റന്‍ എസ് സജന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കോച്ചിന്റെയും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും കെസിഎയുടെയും പിന്തുണ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമായി. വിജയത്തില്‍ ആശംസ അറിയിച്ച് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയ നിമിഷമാണ് ഏറെ പ്രിയപ്പെട്ടതെന്നും സജന പറഞ്ഞു.
ഒരുകൂട്ടം പ്രതിഭാശാലികളായ കളിക്കാരെ ലഭിച്ചതുകൊണ്ടാണ് കേരളത്തിന് മികച്ച നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചതെന്ന് പരിശീലക സുമന്‍ ശര്‍മ പറഞ്ഞു. പ്രതിഭയ്‌ക്കൊപ്പം കളിക്കാരുടെ അര്‍പ്പണബോധവും ആത്മവിശ്വാസവും ഒത്തിണക്കവുമാണ് തന്റെ ടീമിനെ വേറിട്ടുനിര്‍ത്തുന്നതെന്നും സുമന്‍ ശര്‍മ പറയുന്നു. സംസ്ഥാന ക്രിക്കറ്റിന് അഭിമാനകരമായ നേട്ടമാണ് പെണ്‍കുട്ടികളിലൂടെ സാധ്യമായതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജും ചൂണ്ടിക്കാട്ടി. ഏറെ ഉയരങ്ങളിലേക്കുള്ള കേരള ക്രിക്കറ്റിന്റെ ചവിട്ടുപടിയാണ് വിജയമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാനും അഭിപ്രായപ്പെട്ടു. കെസിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ടീമിന് സമ്മാനിച്ചു. കെസിഎ വൈസ് പ്രസിഡന്റ് നാസര്‍ മച്ചാന്‍, എഡ്‌വി ന്‍ ജോസഫ്, കളിക്കാരുടെ കുടുംബാംഗങ്ങള്‍ എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണു കേരളം ചാംപ്യന്‍പട്ടം കരസ്ഥമാക്കിയത്.

RELATED STORIES

Share it
Top