കേരള ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ആവേശ വരവേല്‍പ്
കൊച്ചി: ലാ ലിഗ പ്രീസീസണ്‍ ടൂര്‍ണമെന്റിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തി. അഹമ്മദാബാദില്‍ നിന്ന് 10 ദിവസത്തെ പരിശീലനത്തിന് ശേഷം ഇന്നലെ ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കോച്ച് ഡേവിഡ് ജെയിംസിനൊപ്പം വന്നിറങ്ങിയ ടീമിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്.പാട്ടും നൃത്തവുമായി മണിക്കൂറുകള്‍ക്ക് മുന്നേ ആരാധകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷിക്കുന്ന ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനായി കേക്കുമായാണ് ആരാധകര്‍ കാത്തിരുന്നത്. ടീമിനൊപ്പം എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയ സന്ദേശ് ജിങ്കന്‍ കേക്ക് മുറിക്കുവാനും സമയം കണ്ടെത്തി.  ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ നൂറോളം ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ജയ് വിളികളും ഫ്ഌക്‌സ് ബോര്‍ഡുകളുമായി ആരാധകര്‍ ടീമിനെ ഹോംഗ്രൗണ്ടിലേക്കു സ്വാഗതം ചെയ്തു.  ഈ സ്‌നേഹത്തിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ജിങ്കാന്‍ അറിയിച്ചു. മഞ്ഞക്കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നതിന്റെ ആവേശം അനസ് എടത്തൊടികയും പ്രകടിപ്പിച്ചു. ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു അനസിന്റെ പ്രതികരണം. ചൊവ്വാഴ്ച ഉദ്ഘാടന മല്‍സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സന്റെ ആദ്യ എതിരാളി. ഡേവിഡ് ജയിംസിന്റെ പരിശീലനത്തിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

RELATED STORIES

Share it
Top