കേരള ബാസ്‌കറ്റ്‌ബോള്‍ ടീമിന് ഉജ്ജ്വല സ്വീകരണംകൊച്ചി: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നടന്ന 32ാമത് ദേശീയ ഫെഡറേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമിന് ഉജ്ജ്വല സ്വീകരണം. ഹൈദരാബാദില്‍ നിന്ന് ശബരി എക്‌സ്പ്രസില്‍ ഇന്നലെ ഉച്ചയോടെ എറണാകുളത്തെത്തിയ ടീമംഗങ്ങള്‍ക്ക് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി. പ്രസിഡന്റ് പി ജെ സണ്ണി, സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ എ സലീം, എറണാകുളം ജില്ലാ പ്രസിഡന്റ് ജയ്‌സണ്‍ പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലക്കാട് സ്റ്റേഷനില്‍ ജില്ലാ അസോസിയേന്‍ ഭാരവാഹികളും താരങ്ങളും തൃശൂര്‍ സ്റ്റേഷനില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും താരങ്ങള്‍ക്ക് സ്വീകരണമൊരുക്കി. ഞായറാഴ്ച്ച നടന്ന ഫൈനലില്‍ 66-50 എന്ന സ്‌കോറിന് തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരളം കിരീടം ചൂടിയത്.  പി സി ആന്റണിയായിരുന്നു കേരള ടീമിന്റെ പരിശീലകന്‍. എറണാകുളം സ്വദേശി പ്രേം ആയിരുന്നു അസിസ്റ്റന്റ് കോച്ച്. പി ജി അഞ്ജന , പി എസ് ജീന, ജി റോജമോള്‍, ഷില്‍ജി ജോര്‍ജ്, കവിത ജോസ്, അനീഷ ക്ലീറ്റസ്, പി എസ് നീനുമോള്‍, ചിപ്പി മാത്യു, റിയ രാജേന്ദ്രന്‍, കെ സി ലിതാര , ഇ എസ് അമൃത, അഞ്ജു മാത്യു എന്നിവരായിരുന്നു കിരീടം നേടിയ ടീമിലെ അംഗങ്ങള്‍.

RELATED STORIES

Share it
Top