കേരള ബാങ്ക് രൂപീകരണം ഇഴയുന്നു: ചിങ്ങം1ന് തന്നെ ആരംഭിക്കാമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍

എന്‍ എ  ശിഹാബ്
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ മുന്നോട്ടുവച്ച കേരള ബാങ്ക് രൂപീകരണം ഇഴയുന്നു. ചിങ്ങം 1നു തന്നെ ആരംഭിക്കാനാവുമെന്ന പ്രതീക്ഷ സര്‍ക്കാര്‍ പങ്കുവയ്ക്കുമ്പോഴും ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നബാര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശങ്ങളും റിസര്‍വ് ബാങ്ക് ഉന്നയിക്കുന്ന സംശയങ്ങളുമാണ് കേരള ബാങ്ക് രൂപീകരണത്തില്‍ ആശങ്ക പരത്തുന്നത്.
അതേസമയം, റിസര്‍വ് ബാങ്ക് ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ബാങ്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍ബിഐയോ നബാര്‍ഡോ തടസ്സം ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 14 ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പിരിച്ചുവിട്ടാണ് സര്‍ക്കാര്‍ കേരള ബാങ്ക് പ്രഖ്യാപിച്ചത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. ലാഭത്തില്‍ പോയ 13 ജില്ലാ ബാങ്കുകളെ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നത് റിസര്‍വ് ബാങ്ക് ചട്ടത്തിനു വിരുദ്ധമാണ്. ഇതു പദ്ധതിക്ക് തിരിച്ചടിയായി. പദ്ധതി നടപ്പാക്കാന്‍ സഹകരണ ബാങ്കുകളുടെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന നബാര്‍ഡിന്റെ അനുമതി നിര്‍ബന്ധമാണ്. പദ്ധതി അപേക്ഷ നബാര്‍ഡിന്റെ അംഗീകാരത്തിനായി ആര്‍ബിഐ കൈമാറിയിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡ് കോടികളുടെ വായ്പ നല്‍കിയിട്ടുണ്ട്. വായ്പയുടെ കാര്യത്തില്‍ നബാര്‍ഡ് നിലപാട് കടുപ്പിച്ചത് പ്രതിസന്ധി സൃഷ്ടിച്ചു. സഹകരണ ബാങ്കിന്റെ സഞ്ചിതനഷ്ടം കെപ്‌കോ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നല്‍കിയ കടമാണെന്നും ഇതു സര്‍ക്കാര്‍ പരിഗണിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നും സഹകരണമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഗ്യാരന്റി മുന്‍നിര്‍ത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും ആര്‍ബിഐ അനുമതി ഉടന്‍ ലഭിക്കുമെന്നും മന്ത്രി പ്രതികരിച്ചു. സഹകരണ സ്ഥാപനങ്ങളുടെ കിട്ടാക്കടം സംബന്ധിച്ച് ധനവകുപ്പും മൗനത്തിലാണ്. കേരള ബാങ്ക് രൂപീകരണത്തിന് മാര്‍ഗനിര്‍ദേശം നല്‍കാനായി ടാസ്‌ക്‌ഫോഴ്‌സിനും സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.
ശ്രീറാം സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് രൂപീകരണത്തിനു സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, പ്രവാസി നിക്ഷേപം സ്വീകരിക്കല്‍, എടിഎം ശൃംഖല, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയ്ക്ക് ആര്‍ബിഐയുടെ പ്രത്യേകം ലൈസന്‍സുകള്‍ വേണം. ലൈസന്‍സ് ലഭിക്കുന്നത് വൈകിയാല്‍ കേരള ബാങ്ക് പദ്ധതിക്ക് തിരിച്ചടിയാവും.

RELATED STORIES

Share it
Top