കേരള പോലിസ് മുസ്‌ലിംവേട്ട തുടരുന്നു: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍ നിലനില്‍ക്കുന്ന പ്രകടമായ മുസ് ലിം വിരുദ്ധതയുടെയും കേരള പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വേട്ടയുടെയും ആവര്‍ത്തനമാണ് ഇസ്‌ലാമിക പ്രബോധകനും പീസ് സ്‌കൂള്‍ ഡയറക്ടറുമായ എം എം അക്ബറിന്റെ അറെസ്റ്റന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ്.
എം എം അക്ബറിനെ പോലുള്ളവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാന്‍ അതീവ താല്‍പര്യം കാട്ടുന്ന പോലിസ്, കടുത്ത വര്‍ഗീയത പ്രസംഗിച്ചു നടക്കുന്ന സംഘപരിവാര, ഹിന്ദുത്വ നേതാക്കളുടെ സൈരവിഹാരത്തിനു കുടപിടിക്കുകയാണ്. ആഭ്യന്തര വകുപ്പ് വച്ചുപുലര്‍ത്തുന്ന മുസ്‌ലിം വിവേചനം നിയന്ത്രിക്കാന്‍ രാഷ്ട്രീയ, ഭരണ നേതൃത്വം തയ്യാറാവുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നത്. പീസ് സ്‌കൂളിനെതിരേ ആരോപണം ഉയര്‍ന്ന ഘട്ടം മുതല്‍ തികച്ചും ഏകപക്ഷീയമായ നീക്കങ്ങളാണു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഇസ്‌ലാമിക തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല.
വിവാദ പാഠപുസ്തകം അനുചിതമാണെന്നു കണ്ട് തുടര്‍ന്നു പഠിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി എം എം അക്ബര്‍ നേരത്തെ വ്യക്തമാക്കിയിട്ടും പുസ്തകത്തിന്റെ പേരിലുള്ള പോലിസ് നടപടി തുടരുകയാണ്. അതേസമയം, ആര്‍എസ്എസ് സ്ഥാപനമായ വിദ്യാഭാരതിയുടെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന  സ്‌കൂളുകളില്‍ അന്യമത വിദ്വേഷം വളര്‍ത്തുന്നതും തെറ്റായ ചരിത്രം അടങ്ങുന്നതുമായ പാഠഭാഗങ്ങളാണു പഠിപ്പിച്ചുവരുന്നത്. ഇക്കാര്യത്തില്‍ യാതൊരു പരിശോധനയ്ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്‌കൂളുകളില്‍ ആര്‍എസ്എസ് ആയുധ പരിശീലന ക്യാംപുകള്‍ നടത്തുന്നതിനെതിരേ വിവിധ സ്ഥലങ്ങളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിട്ടും നടപടി ഉണ്ടാവാത്തതു സര്‍ക്കാര്‍ പക്ഷപാതപരമായ സമീപനം തുടരുന്നതിന്റെ തെളിവാണ്. സംഘപരിവാര താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നിലയിലുള്ള സമീപനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നു തുടര്‍ച്ചയായി ഉണ്ടാവുന്നത് ആശങ്കാജനകമാണ്. ഇക്കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങളും സംഘടനാ പക്ഷപാതിത്വവും മാറ്റിവച്ച് മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി രംഗത്തുവരേണ്ട സന്ദര്‍ഭമാണിത്.
സംഘപരിവാരത്തെ സഹായിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും എം എം അക്ബറിനെ നിരുപാധികം വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദലി സംസാരിച്ചു.

RELATED STORIES

Share it
Top