കേരള പുനര്‍നിര്‍മാണം: സമഗ്ര രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനും സമഗ്ര രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനവും പുനരുദ്ധാരണ പ്രവര്‍ത്തനവും ഫലപ്രദമാക്കി മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും ഒന്നിച്ചുചേര്‍ത്തുകൊണ്ട് മുന്നോട്ടുപോയതിനാലാണ്. ഇതിന് സമാനമായ വിധം കേരള പുനര്‍നിര്‍മാണ പദ്ധതിയും നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരള പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്ഥാപനതലത്തിലുള്ള ക്രമീകരണത്തെ സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
സമയബന്ധിതമായും ശാസ്ത്രീയമായും പദ്ധതികള്‍ നടപ്പാക്കുന്നതിന് ഇതിലൂടെ സാധ്യമാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനുള്ള സംഘടനാ സംവിധാനം മന്ത്രിസഭ നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിസഭയായിരിക്കും ഈ സംവിധാനത്തില്‍ ഏറ്റവും മുകളില്‍. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികളും മന്ത്രിസഭ അംഗീകരിക്കേണ്ടതാണ്.
മന്ത്രിസഭയ്ക്കു താഴെ മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതിയുണ്ടാവും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉ ള്‍പ്പെടെ നിരവധി പ്രമുഖര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല. ഉപദേശക സമിതിയുടെ ആദ്യ യോഗം ഈ മാസം 22ാം തിയ്യതി ചേരും.
മൂന്നാം തലത്തില്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി ഉന്നതതല അധികാര സമിതി പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ട് എക്‌സ് ഓഫീഷ്യോ അംഗങ്ങളും മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി. മന്ത്രിസഭയുടെയും ഉപദേശക സമിതിയുടെയും അംഗീകാരത്തിനായി നിര്‍വഹണ സമിതി മുന്നോട്ടുവയ്ക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ച് അംഗീകരിക്കുകയെന്നതാണ് ഈ സമിതിയുടെ പ്രധാന ചുമതല. ഉന്നതല അധികാര സമിതിക്ക് താഴെയായി മൂന്ന് അംഗങ്ങളുള്ള ഒരു നിര്‍വഹണ സമിതിയുണ്ടാവും.
ഇതിനുപുറമെ പ്രഫഷനലുകള്‍ ഉള്‍പ്പെടുന്ന ഒരു സെക്രേട്ടറിയറ്റ് സംവിധാനവും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിക്കും.

RELATED STORIES

Share it
Top