കേരള പുനര്‍നിര്‍മാണം: അഡ്വര്‍ടൈസ്‌മെന്റ് ചലഞ്ച് നടത്തിയാല്‍ തുക എളുപ്പം കണ്ടെത്താം

കൊച്ചി: പൊതുഇടങ്ങളിലെ നിയമവിരുദ്ധ ബോര്‍ഡുകളെ നേരിടാന്‍ അഡ്വര്‍ടൈസ്‌മെന്റ് ചലഞ്ച് നടത്തുകയാണെങ്കില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള തുക എളുപ്പം കണ്ടെത്താനാവുമെന്ന് ഹൈക്കോടതി.
മന്ത്രിമാര്‍ വിദേശരാജ്യങ്ങളില്‍ പോയി സംഭാവന പിരിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും നിയമവിരുദ്ധ ബോ ര്‍ഡുകളെ നേരിടുന്നതു സംബന്ധിച്ച കേസ് പരിഗണിക്കുമ്പോള്‍ കോടതി വാക്കാല്‍ പറഞ്ഞു. എറണാകുളത്തെ എംജി റോഡില്‍ മാത്രം 5000ലധികം ബോര്‍ഡുകളുണ്ട്. ഒരെണ്ണത്തിന് 100 രൂപ പിഴയിട്ടാല്‍ തന്നെ അഞ്ചുലക്ഷം രൂപ ലഭിക്കും. ഇങ്ങനെ കേരളത്തില്‍ എത്രയോ ബോര്‍ഡുകളുണ്ട്. ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച് ആറ് കോര്‍പറേഷനുകള്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ബോര്‍ഡുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള തുക ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കണം. പിഴക്കു പുറമേ ഇവര്‍ക്കെതിരേ നിയമപരമായ മറ്റു നടപടികളും സ്വീകരിക്കണം. നിയമവിരുദ്ധ ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന ഉത്തരവ് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top