കേരള ട്രാവല്‍ മാര്‍ട്ടിന് നാളെ തുടക്കം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വ്യവസായ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) 10ാം ലക്കത്തിന് നാളെ കൊച്ചിയില്‍ തുടക്കമാവും. ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തി ല്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായാവും.
66 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ട്രാവല്‍ മാര്‍ട്ടിന് വേദിയൊരുങ്ങുന്നത്. ഉദ്ഘാടനത്തിനുശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്റ് സാഗര കണ്‍വന്‍ഷന്‍ സെന്ററില്‍ ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍, നയരൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍ക്ക് അവസരമുള്ളത്. വിദേശത്തു നിന്ന് 545 ബയര്‍മാരും ഇതിന് പുറമേ 1090 ആഭ്യന്തര ബയര്‍മാരും മേളയില്‍ പങ്കെടുക്കും. 340 ഓളം സ്റ്റാളുകളിലായി 325 സെല്ലര്‍മാരുടെ സേവനവും മേളയില്‍ ലഭ്യമാണ്.
മൂന്നരക്കോടി രൂപ ചെലവില്‍ സംഘടിപ്പിക്കുന്ന മേളയ്ക്ക് 25 ലക്ഷം രൂപയുടെ കേന്ദ്ര സഹായവും ലഭിക്കുന്നുണ്ട്. പുതിയ മേഖലകളായ ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ജീവിതം, ജഡായു പാറ, ഫാം ടൂറിസം, യോഗ, ക്രൂയീസ് ഷിപ്പ് ടൂറിസം എന്നിവയെക്കുറിച്ചുള്ള സ്റ്റാളുകള്‍ മാര്‍ട്ടിന്റെ പ്രത്യേകതയാണ്. ക്രൂയിസ് ഷിപ്പ് ടൂറിസത്തില്‍ കേരളത്തെ ഹോം ഗ്രൗണ്ടാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ചേന്ദമംഗലത്തെ ചേക്കുട്ടി പാവ നിര്‍മാണത്തിന്റെ പ്രദര്‍ശനം നടത്തും. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ട്.

RELATED STORIES

Share it
Top