കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയ്ക്ക് ചെറുവത്തൂരില്‍ തുടക്കം

ചെറുവത്തൂര്‍: അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി ശ്രീധരന്‍, കെ ശകുന്തള, എം ടി അബ്ദുല്‍ ജബ്ബാര്‍, പി ഫൗസിയ, ജില്ലാ പഞ്ചായത്തംഗം പി സി സുബൈദ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി എ ശംസുദ്ദീന്‍, സ്‌കൂള്‍ സൂപ്രണ്ട് എ പ്രദീപ് സംസാരിച്ചു.
സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 200 കായികതാരങ്ങളാണ് മാറ്റുരക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം സുരേഷ് ദീപശിഖ കൊളുത്തി. ഇന്നലെ കായികമേളയ്ക്ക് തുടക്കം കുറിച്ച് 800 മീറ്റര്‍ സീനിയര്‍ ബോയ്‌സ് ഓട്ടവും സീനിയര്‍ ബോയ്‌സ് ഡിസ്‌കസ്‌ത്രോ, ജൂനിയര്‍ ബോയ്‌സ് ലോങ് ജംപ്, സബ് ജൂനിയര്‍ ലോങ് ജംപ്, 800 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ്, 800 മീറ്റര്‍ സബ് ജൂനിയര്‍ ബോയ്‌സ്, 800 മീറ്റര്‍ സീനിയര്‍ ഗേള്‍സ്, ഷോട്ട്പുട്ട് ജൂനിയര്‍ ബോയ്‌സ്, ഹൈജംപ് സീനിയര്‍ ബോയ്‌സ്, ലോങ് ജംപ് സീനിയര്‍ ബോയ്‌സ് തുടങ്ങി 24 ഇനങ്ങളിലാണ് മല്‍സരം നടന്നത്. ഇന്നത്തെ മല്‍സരങ്ങള്‍ രാവിലെ 8.30ന് 800 മീറ്റര്‍ ജൂനിയര്‍ ഫൈനലോടെ ആരംഭിക്കും.
ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക് കായികാധ്യാപകരെ നിയമിക്കാത്തതും ആവശ്യമായ അടിസ്ഥാനസൗകര്യമില്ലാത്തതും ഈ മേഖലയിലെ കായികപ്രതിഭകളുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിച്ചത്.
സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ മലപ്പുറം ജില്ലയിലെ വട്ടക്കുളം ടെക്‌നിക്കല്‍ എച്ച്എസ്എസിലെ ആര്‍ദ്ര ഷെനില്‍ ഒന്നാംസ്ഥാനം നേടി. കഴിഞ്ഞ രണ്ടു വര്‍ഷവും ഈ മിടുക്കി ഒന്നാംസ്ഥാനം നേടിയിരുന്നു. ഷെനില്‍കുമാര്‍-മിനി ദമ്പതികളുടെ മകളാണ്. ആദ്യദിനം 10 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 10 പോയിന്റ് നേടി വട്ടക്കുളം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്നിട്ടുനില്‍ക്കുന്നു.

RELATED STORIES

Share it
Top