കേരള ടൂറിസത്തിന്റെ നിലനില്‍പ്പിന് കാലോചിത മാറ്റങ്ങള്‍ അനിവാര്യം: കെടിഎം സെമിനാര്‍

കൊച്ചി: കാലോചിതമായ മാറ്റങ്ങളാണു കേരള ടൂറിസത്തിന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് വിനോദസഞ്ചാര മേഖലയിലെ മാറുന്ന പ്രവണതകള്‍’എന്ന വിഷയത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. രാത്രികാല വിനോദസാധ്യതകള്‍, ഡിജിറ്റല്‍വല്‍കരണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ# സെമിനാറില്‍ ഉയര്‍ന്നുവന്നത്. സജീവമായ രാത്രികാല വിനോദകേന്ദ്രങ്ങള്‍ കേരളത്തിലില്ലെങ്കില്‍ സംസ്ഥാനത്തെ ടൂറിസം ഭാവിയില്‍ മരിക്കുമെന്നു സെമിനാറില്‍ പങ്കെടുത്ത നവകേരളം കര്‍മ പദ്ധതിയുടെ സംസ്ഥാന കോ-ഓഡിനേറ്ററും കെടിഡിസി മുന്‍ ചെയര്‍മാനുമായ ചെറിയാന്‍ ഫിലിപ് ചൂണ്ടിക്കാട്ടി.
ഇത്തരം കേന്ദ്രങ്ങള്‍ കേരളത്തിലില്ലാത്തതിനാലാണു വിദേശികളായ യുവാക്കള്‍ സംസ്ഥാനത്തേക്ക് വരാന്‍ താല്‍പര്യം കാണിക്കാത്തത്. അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണു യുവതലമുറയുടെ തത്വം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലില്ല. സജീവമായ രാത്രികാല വിനോദോപാധികള്‍ സാംസ്‌കാരിക ജീര്‍ണതയല്ല. ഉല്ലാസനൗകകള്‍, രാത്രികാല ക്ലബ്ബുകള്‍, ആടാനും പാടാനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ വരണം. പകല്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് രാത്രിയായാല്‍ മുറിയില്‍ തന്നെ തപസ്സിരിക്കേണ്ട അവസ്ഥയാണുള്ളത്. മരുഭൂമിയായ ഗള്‍ഫ് നാടുകളില്‍ പോലും ടൂറിസം വളര്‍ന്നതു രാത്രികാല ജീവിതമുള്ളതു കൊണ്ടാണെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.
മാറുന്ന കാലത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഏഴിന നിര്‍ദേശങ്ങളാണു കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല മുന്നോട്ടുവച്ചത്. സാങ്കേതികവിദ്യയും ഓണ്‍ലൈന്‍ സംവിധാനവും ടൂറിസം മേഖലയെ ദ്രുതഗതിയില്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകള്‍ക്ക് കാത്തിരിക്കാന്‍ സമയമില്ല. പെട്ടന്നു ലഭ്യമാവുന്ന സേവനമാണ് അവര്‍ക്ക് വേണ്ടത്. കേരളത്തില്‍ ശക്തമായ പരമ്പരാഗത ടൂറിസം മേഖലയാണുള്ളത്. കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറാവണം. സാമൂഹിക മാധ്യമങ്ങള്‍ വഴി ആഗ്രഹത്തിനനുസരിച്ചുള്ള വിനോദസഞ്ചാരമാണ് ഇപ്പോള്‍ നടക്കുന്നത്. ശരാശരി ആഡംബരം പ്രദാനം ചെയ്യുന്ന താമസസൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കണം. ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണവും പ്രധാനമാണ്. കെടിഎം സൊസൈറ്റി പോലുള്ള സംഘടനകള്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ഫസ്റ്റ് എന്നതാകണം ടൂറിസം മേഖലയുടെ പുതിയ മുദ്രാവാക്യം. പുതിയ ടൂറിസം കേന്ദ്രങ്ങളും നവീന അഭിരുചിയുള്ള വിനോദസഞ്ചാരികളെയും കണ്ടെത്തണം. ഇതോടൊപ്പം തന്നെ ടൂറിസ്റ്റുകളുടെ അമിതമായ സാന്നിധ്യം പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഉണ്ടാവാതിരിക്കാനും ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.
ശോകമൂകമായി പോവുമായിരുന്ന കേരളത്തിന്റെ ടൂറിസം മേഖലയില്‍ ഉണര്‍വ് കൊണ്ടുവരാന്‍ കെടിഎമ്മിനായെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ഡിജിറ്റല്‍ നവീകരണമാണു ടൂറിസം മേഖലയിലെ പങ്കാളികള്‍ കൊണ്ടു വരേണ്ടത്. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ സാധ്യതകള്‍ ടൂറിസം മേഖല ഉപയോഗപ്പെടുത്തണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞു. കെടിഎം പ്രസിഡന്റ് ബേബി മാത്യു, മുന്‍ പ്രസിഡന്റ് റിയാസ് അഹമ്മദ്, സിജോ ജോസ് എന്നിവരും സെമിനാറില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top