കേരള ജനതയോട് കേന്ദ്രസര്‍ക്കാര്‍ പകവീട്ടുന്നു: എം കെ ഫൈസി; പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

ന്യൂഡല്‍ഹി: ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഇടംനല്‍കാത്ത കേരള ജനതയോട് കേന്ദ്രസര്‍ക്കാര്‍ പകവീട്ടുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പ്രളയദുരന്തത്തിന് ഇരയായ കേരളത്തിന് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ ഓഫിസ് മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ ഒലിച്ചുപോയത് കേരളത്തില്‍ ബിജെപി ആസൂത്രണം ചെയ്തു വന്നിരുന്ന വര്‍ഗീയ അജണ്ട കൂടിയാണ്. ദുരന്തത്തിനിരയായ കേരള സമൂഹം ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം ഒറ്റക്കെട്ടായി നിലകൊള്ളുകയും പരസ്പരം കൈത്താങ്ങാവുകയും ചെയ്തു. ഈ കാരണംകൊണ്ടു കൂടിയാണ് കേരളത്തിന് മതിയായ സഹായം നല്‍കാനോ വിദേശസഹായം സ്വീകരിക്കാന്‍ അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരുന്നത്. മാനവികത നഷ്ടപ്പെട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടാണ് 30,000 കോടി പ്രാഥമിക നഷ്ടം കണക്കാക്കിയ ഒരു ദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുന്നത്. 488 പേര്‍ മരിച്ച ദുരന്തത്തില്‍ 600 കോടി മാത്രമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. കീഴ്‌വഴക്കത്തിനും സര്‍ക്കാര്‍ നയത്തിനും വിരുദ്ധമായി വിദേശസഹായം നിഷേധിക്കുകയും ചെയ്തു. ഇതു വിവേചനമാണെന്നും എം കെ ഫൈസി പറഞ്ഞു. ജന്തര്‍ മന്ദറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കേരള സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ ദഹ്‌ലന്‍ ബാഖവി, അഡ്വ. ഷറഫുദ്ദീന്‍, ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍, ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാള്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ സംസാരിച്ചു.പി അബ്ദുല്‍ മജീദ് ഫൈസി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീര്‍ കുഞ്ഞ്, ഇ എസ് ഖാജാ ഹുസൈന്‍, സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ എന്‍ യു അബ്ദുല്‍ സലാം നന്ദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള നയം തിരുത്തുക, കേരളത്തിന് മതിയായ സഹായം ഉറപ്പാക്കുക, കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. എസ്ഡിപിഐ ഡല്‍ഹി ഘടകം പ്രവര്‍ത്തകര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചെത്തി.RELATED STORIES

Share it
Top