കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ നടത്തിപ്പിന് സജ്ജമെന്ന് പിഎസ്‌സി

കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സജ്ജമാണെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. കോഴിക്കോട് ജില്ല  മേഖലാ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത തസ്തികകളില്‍ കേരളീയരായ കൂടുതല്‍ വിദ്യാസമ്പന്നര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കെഎഎസ് സഹായകമാവും. ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം കൂടുതല്‍ തസ്തികകളില്‍ ആറുമാസത്തിനകം നടപ്പാക്കും. 40,000 ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കും. മികച്ച കംപ്യൂട്ടര്‍ ലാബ് സംവിധാനമുള്ള സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രം ഒരുക്കും.
14 ജില്ലകളിലും സ്വന്തം സ്ഥലത്ത് ഓഫീസ് നിര്‍മിച്ച് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം സജ്ജമാക്കും. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, സിവില്‍ പോലിസ് ഓഫിസര്‍ പോലുള്ള കൂടുതല്‍ അപേക്ഷകരുള്ള തസ്തികകള്‍ ഒഴികെ 70 ശതമാനം തസ്തികകളിലും ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ആദിവാസി ഊരുകളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള തീരുമാനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ അവസരം ഉറപ്പുവരുത്താനാണ്. വിവരാത്മക പരീക്ഷയില്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

RELATED STORIES

Share it
Top