കേരളോല്‍സവ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തില്ല

ചാവക്കാട്: നഗരസഭ കേരളോല്‍സവം കഴിഞ്ഞ് ആറു മാസം കഴിഞ്ഞിട്ടും വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തില്ലെന്ന് ആരോപണം. ചാവക്കാട്് നഗരസഭ തല കേരളോല്‍സവത്തില്‍ ഓവറോള്‍ ചാംപ്യന്‍മാരായ തിരുവത്ര ചാനിച്ചുവട് ക്രസന്റ് ക്ലബ്ബ് ഭാരവാഹികളാണ് ചാവക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ ആരോപണമുയര്‍ത്തിയത്.
കഴിഞ്ഞ സപ്തംബറിലാണ് നഗരസഭ തല കേരളോല്‍സവം നടന്നത്. കലാകായിക വിഭാഗങ്ങളില്‍ ഏറ്റവുമധികം പോയന്റുകള്‍ നേടി ഓവറോള്‍ ചാംപ്യന്‍മാരായിട്ടും വിജയികള്‍ക്കുള്ള ട്രോഫി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ക്ലബ്ബ് പ്രസിഡന്റ് സി എം നജീബ്, സെക്രട്ടറി കെ എം സായിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭ തല മല്‍സരങ്ങള്‍ക്ക് ശേഷം ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മല്‍സരിക്കുകയും അവിടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നഗരസഭ തലത്തിലെ വിജയികള്‍ക്കുള്ള സമ്മാനം ലഭിക്കാത്തതു സംബന്ധിച്ച് നഗരസഭ ചെയര്‍മാനേയും സെക്രട്ടറിയേയും നേരിട്ട് കണ്ടെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു.
മേഖലയിലെ കലാകായിക പ്രതിഭകളോട് ആധികൃതര്‍ കാണിക്കുന്ന അനീതിയാണ് ഇതെന്നും ഇനിയും വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തില്ലെങ്കില്‍ മേഖലയിലെ മറ്റു ക്ലബ്ബുകളെ സംഘടിപ്പിച്ച് ജനകീയ പ്രതിഷേധം തീര്‍ക്കുന്നതോടൊപ്പം കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top