കേരളാ പ്രീമിയര്‍ ലീഗ്‌ : സെന്‍ട്രല്‍ എക്‌സൈസിനെ കീഴടക്കി കേരള പോലിസ്മലപ്പുറം: കേരളാ പ്രീമിയര്‍ ലീഗില്‍ സെന്‍ട്രല്‍ എക്‌സൈസ് കൊച്ചിയെ കീഴടക്കി കേരളാ പോലിസിന് ജയം. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പോലിസ് ജയിച്ചത്. 45ാം മിനിറ്റില്‍ സന്തോഷ് ട്രോഫി താരം കെ ഫിറോസാണ് പോലിസിനു വേണ്ടി ആദ്യം വലകുലുക്കിയത്. ജിമ്മി ജെറോം എടുത്ത കോര്‍ണര്‍ കിക്ക് വിബിന്‍ തോമസ് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഫിറോസ് ഇത് വെറുതെ കാല്‍കൊണ്ട് തട്ടി വലയിലാക്കി. 68ാം മിനിറ്റില്‍ മറ്റൊരു കോര്‍ണര്‍ കിക്കിലായിരുന്നു പോലിസിന്റെ രണ്ടാം ഗോള്‍. ശരത് ലാല്‍ എടുത്ത കിക്ക് വിബിന്‍ തോമസ് ഹെഡ് ചെയ്ത് വലകുലുക്കി. 70ാം മിനിറ്റില്‍ മുന്നേറ്റനിരക്കാരാന്‍ മുഹമ്മദ് അമീന്‍ പോലിസിന്റെ ലീഡ് ഉയര്‍ത്തിയെങ്കിലും ലൈന്‍ അംപയര്‍ ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ അമീന്‍ മറ്റൊരു അവസരംകൂടി പാഴാക്കുന്നതും കണ്ടു. 82ാം മിനിറ്റില്‍ സെന്‍ട്രല്‍ എക്‌സൈസിന്റെ ഗോള്‍ മടക്കാനുള്ള ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തായി. പോലിസ് നിരയില്‍ വിബിന്‍ തോമസും എക്‌സൈസിലെ എന്‍ ബി മുഹമ്മദ് റാഫിയും മഞ്ഞക്കാര്‍ഡ് കണ്ടു. ബുധനാഴ്ച്ച കേരളാ പോലിസ്- സാറ്റ് തിരൂരുമായി മല്‍സരിക്കും.

RELATED STORIES

Share it
Top