കേരളാ കോണ്‍ഗ്രസ്-സിപിഎം ബന്ധം : ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഭരണമാറ്റത്തിനു സാധ്യത കുറവ്ചങ്ങനാശ്ശേരി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സദാചാരങ്ങള്‍ അട്ടിമറിച്ച് അപ്രതീക്ഷിതമായി രൂപപ്പെട്ട കേരളാ കോണ്‍ഗ്രസ്-സിപിഎം ബന്ധത്തിന്റെ ചുവടുപിടിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണമാറ്റം ഉണ്ടാവുമെന്നു പലരും പ്രതീക്ഷിക്കുന്നെങ്കിലും അതിനുള്ള സാധ്യത കുറവ്. ബാര്‍കോഴ കേസു മുതല്‍ നോട്ട് എണ്ണുന്ന യന്ത്രം വരെയുള്ളതായി മാണിക്കെതിരേ പ്രചാരണവും പ്രസംഗവും നടത്തിയ ശേഷം അദ്ദേഹത്തെയും പാര്‍ട്ടിയെയും എങ്ങനെ ഉള്‍ക്കൊള്ളാനാവും എന്ന ചോദ്യമാണ് ഇടതുപക്ഷത്തിലെ സിപിഐ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ചോദിക്കുന്നത്. സമാനമായ ചോദ്യം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദിക്കുന്നുമുണ്ട്. മാണിക്കെതിരേ ഏറ്റവും കൂടുതല്‍ പ്രചാരണവും നിയമസഭയില്‍ പോലും ശക്തമായ സമരവും നടത്തിയ ഇടതുപക്ഷവുമായി എങ്ങനെ ഒത്തുപോവുമെന്ന ചോദ്യമാണ് അവരില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളത്. നിയോജക മണ്ഡലത്തില്‍ തൃക്കൊടിത്താനം ഒഴികെയുള്ള പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫാണ്. താല്‍ക്കാലിക വികാരത്തിന്റെ പേരില്‍ പിന്തുണ നല്‍കാനോ പിന്‍വലിക്കാനോ തീരുമാനിച്ചാല്‍ അതു ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസും കരുതുന്നു. തന്നയുമല്ലാ വലിയ താമസമില്ലാതെ കേരളാ കോണ്‍ഗ്രസ്സില്‍ ഒരു പിളര്‍പ്പുണ്ടാവാനുള്ള സാധ്യതയും കേരളാ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കാണുന്നുണ്ട്. ചങ്ങനാശ്ശേരി നഗരസഭ, കുറിച്ചി എന്നിവിടങ്ങളില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് കേരളാ കോണ്‍ഗ്രസ്സും ഭരിക്കുന്നത്. കുറിച്ചി പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിനു ആറും കേരളാ കോണ്‍ഗ്രസ്സിനു നാലുമാണ് അംഗങ്ങളുള്ളത്.എല്‍ഡിഎഫിനു അഞ്ച്, ബിജെപി മൂന്ന്, സിഎസ്ഡിഎസ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ ഇപ്പോള്‍ കോണ്‍ഗ്രസ്സിനാണ് പ്രസിഡന്റ് സ്ഥാനമുള്ളത്. പായിപ്പാട് പഞ്ചായത്തില്‍ യുഡിഎഫിനു 10 അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് അഞ്ച്, കേരളാ കോണ്‍ഗ്രസ് മൂന്നു, മുസ്‌ലിം ലീഗ് ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫ് കക്ഷിനില. എല്‍ഡിഎഫ് നാല്, ബിജെപി രണ്ട്, സ്വതന്ത്രന്‍ ഒന്ന്. ഇവിടേയും കേരളാ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സിനു ഭരണം നഷ്ടമാവും. മാടപ്പള്ളി പഞ്ചായത്തിലും കേരളാ കോണ്‍ഗ്രസ് (എം) ആണ് പ്രസിഡന്റ. ഇതില്‍ ഏഴുപേരുള്ള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കേരളാ കോണ്‍ഗ്രസ്സിനു ഭരണം നഷ്ടപ്പെടും. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മിക്ക പഞ്ചായത്തുകളിലും ബിജെപി അംഗങ്ങള്‍ കൂടിയുള്ളതിനാല്‍ ഭരിക്കാന്‍ അവരുടെ കൂടി പിന്തുണ തേടേണ്ടതായി വരും. ഇതു വലിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിലവിലെ രീതിയില്‍ തന്നെ ഭരണം മുന്നോട്ടു പോവാനാണ് നിയോജകമണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സാധ്യതയുള്ളത്.

RELATED STORIES

Share it
Top