കേരളാ കോണ്‍ഗ്രസ് (എം) പിന്തുണയോടെ ബിജെപി അംഗം വൈസ് പ്രസിഡന്റായി

കുറവിലങ്ങാട്: കേരളാ കോ ണ്‍ഗ്രസ് (എം) പിന്തുണയോടെ ഉഴവൂര്‍ പഞ്ചായത്തില്‍ ബിജെപി അംഗം വൈസ് പ്രസിഡന്റായി. പഞ്ചായത്ത് 10ാം വാര്‍ഡ് മെംബര്‍ വി ടി സുരേഷാണ് മാണി ഗ്രൂപ്പിന്റെ പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ അതിരൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന പഞ്ചായത്താണ് ഉഴവൂര്‍. നിലവില്‍ കോണ്‍ഗ്രസ് അംഗം പി എല്‍ എബ്രാഹം ആയിരുന്നു വൈസ് പ്രസിഡന്റ്. ബിജെപിയുമായുള്ള കേരള കോണ്‍ഗ്രസ്സിന്റെ ധാരണയില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തയ്യാറാവുകയായിരുന്നു.
12ാം വാര്‍ഡ് അംഗം തോമസ് ജോസഫായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 13 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മൂന്ന്, കേരളാ കോണ്‍ഗ്രസ് (എം)നാല്, എല്‍ഡിഎഫ്  നാല്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. രണ്ടുമാസം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിലെ ഷേര്‍ളി രാജു കോണ്‍ഗ്രസ് ബിജെപി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി അംഗത്തിന് അനുകൂലമായി കേരളാ കോണ്‍ഗ്രസ് വോട്ട്് ചെയ്യുകയായിരുന്നു. ഭരണത്തിന്റെ അവസാന ഒരു വര്‍ഷം ബിജെപി പ്രതിനിധിക്കായിരിക്കും പ്രസിഡന്റ് സ്ഥാനമെന്ന് പാര്‍ട്ടി കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍ അറിയിച്ചു. ഇങ്ങനെയൊരു ധാരണ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയിരുന്നെന്നും കോണ്‍ഗ്രസ് അതില്‍ നിന്നും വ്യതിചലിച്ചതാണെന്നും സുദീപ് പറഞ്ഞു.

RELATED STORIES

Share it
Top