കേരളാ കോണ്‍ഗ്രസ്സിന്റെ പുതിയ രാഷ്ട്രീയ നീക്കം : ഇരിങ്ങാലക്കുട നഗരസഭയിലും മാറ്റത്തിന് സാധ്യതഇരിങ്ങാലക്കുട: കേരളാ കോണ്‍ഗ്രസ്സിന്റെ പുതിയ രാഷ്ട്രീയനീക്കത്തോടെ ഇരിങ്ങാലക്കുട നഗരസഭയിലും മാറ്റത്തിനു സാധ്യത. കോണ്‍ഗ്രസിന് ജില്ലയിലുള്ള ഏക നഗരസഭയിലും ഭരണം നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. ജില്ലയിലെ ഏഴ് നഗരസഭകളില്‍ ഇരിങ്ങാലക്കുടയില്‍ മാത്രമാണ് യുഡിഎഫ് അധികാരത്തിലുള്ളത്. ചെയര്‍മാനും വൈസ് ചെയര്‍മാനും കോണ്‍ഗ്രസുകാര്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇരുമുന്നണികള്‍ക്കും സീറ്റുകള്‍ തുല്യമായ ഇവിടെ രണ്ട് അംഗങ്ങളുള്ള കേരളാകോണ്‍ഗ്രസ് പിന്തുണച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 41 അംഗ നഗരസഭയില്‍ ഇരുമുന്നണികള്‍ക്കും 19 അംഗങ്ങ ള്‍ വീതം. ബിജെപിക്ക് മൂന്നും. നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനാല്‍ കോണ്‍ഗ്രസിലെ നിമ്യാ ഷിജു ചെയര്‍പേഴ്‌സണായി. വൈസ് ചെയര്‍പേഴ്‌സണായി രാജേശ്വരി ശിവരാമന്‍ നായര്‍ നറുക്കെടുപ്പിലൂടെയും തിരഞ്ഞെടുക്കപ്പെട്ടു. കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ കഴിഞ്ഞ ആഗസ്തില്‍ ഭരണമാറ്റം സജീവ വിഷയമായതാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ട് തുടര്‍ന്നും നിലനിര്‍ത്താന്‍ കേരളാകോ ണ്‍ഗ്രസ് ചരല്‍ക്കുന്ന് ക്യാംപിലെടുത്ത തീരുമാനത്തോടെയാണ് അതവസാനിച്ചത്. എന്നാല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പുറത്തുവന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് കളിച്ചുവെന്ന പരാതിയായിരുന്നു കേരളാകോണ്‍ഗ്രസിന്. സിപിഎമ്മുമായി ചേര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം നേടാനുള്ള കേരളാകോണ്‍ഗ്രസ് ശ്രമം കോണ്‍ഗ്രസ് തന്ത്രപരമായി പൊളിക്കുകയായിരുന്നു. നഗരസഭാ യോഗങ്ങളിലും കേരളാകോണ്‍ഗ്രസിന്റെ മലക്കംമറിച്ചില്‍ പ്രകടമായിരുന്നു. പുതിയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം തുടരേണ്ടെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്. കേരളാകോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച് ഭരണം നഷ്ടപ്പെടുന്നതൊഴിവാക്കുകയെന്ന ചിന്തയും ചില കോണ്‍ഗ്രസ് നേതാക്കളില്‍ സജീവമാണ്.

RELATED STORIES

Share it
Top