കേരളാ അതിര്‍ത്തിയിലെ തര്‍ക്ക വിഷയമായിരുന്ന മൊഡ്യൂള്‍ കണ്ടെയ്‌നര്‍ തമിഴ്‌നാട് നീക്കം ചെയ്തുനെടുങ്കണ്ടം: കേരളാ അതിര്‍ത്തിയിലെ തര്‍ക്കവിഷയമായിരുന്ന മൊഡ്യൂള്‍ കണ്ടെയ്‌നര്‍ തമിഴ്‌നാട് നീക്കം ചെയ്തു. മാസങ്ങള്‍ നീണ്ട അതിര്‍ത്തി തര്‍ക്കത്തിനും പ്രകോപനങ്ങള്‍ക്കുമൊടുവിലാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് സ്ഥാപിച്ച മൊഡ്യൂള്‍ കണ്ടെയ്‌നര്‍ നീക്കം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഏറണാകുളത്തു നിന്നു കരാറുകാര്‍ എത്തി കണ്ടെയ്‌നര്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത മൊഡ്യൂള്‍ കണ്ടെയ്‌നര്‍ തിരുവനന്തപൂരത്തേക്കു കൊണ്ടുപോയി. കണ്ടെയ്‌നര്‍ മാറ്റിയ ഉടന്‍ തന്നെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ സ്ഥലത്തിന്റെ അടിത്തറ കമ്പികള്‍ ഉപയോഗിച്ച് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത് കമ്പംമെട്ട് പോലിസ് ഇടപെട്ട് തടഞ്ഞു. മൂന്ന് മാസം മുമ്പാണ് ജില്ലാ എക്‌സൈസ് വിഭാഗത്തിന് അനുവദിച്ച രണ്ടു മൊഡ്യൂള്‍ കണ്ടെയ്‌നറുകളില്‍ ഒന്ന് കമ്പംമെട്ടില്‍ സ്ഥാപിച്ചത്. കണ്ടെയ്‌നര്‍ സ്ഥാപിച്ച അന്നു തന്നെ തമിഴ്‌നാട് വനം വകുപ്പ്  ഭൂമി കൈയേറിയെന്ന വാദവുമായി രംഗത്ത് വന്നു. ഇതേ തുടര്‍ന്ന് ചെക്ക്‌പോസ്റ്റില്‍ ഇരുവിഭാഗം ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള റോഡ് ഗതാഗതം തമിഴ്‌നാട് വനം വകുപ്പ് തടയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ഇരുസംസ്ഥാനങ്ങളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്ന് തീരുമാനമെടുത്തു. തുടര്‍ന്നാണ് തമിഴ്‌നാട് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിര്‍ത്തി നിര്‍ണയത്തിനായി കേരളം സര്‍വേ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിച്ചെങ്കിലും തമിഴ്‌നാട് നടപടികള്‍ വൈകിച്ചതിനാല്‍ ചര്‍ച്ച അഞ്ചു തവണ മാറ്റിവയ്‌ക്കേണ്ടിവന്നു. എന്നാല്‍, കേരളത്തിന്റെ സര്‍ക്കാര്‍ ഓഫിസുകളിരിക്കുന്ന സ്ഥലങ്ങള്‍ തമിഴ്‌നാടിന്റേതാണെന്ന വാദമുയര്‍ത്തി നിരന്തരം തമിഴ്‌നാട് വനം വകുപ്പ് കമ്പമെട്ടില്‍ സംഘര്‍ഷമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതിനിടെ മന്ത്രി എം എം മണി സ്ഥലത്ത് രണ്ടു തവണ സന്ദര്‍ശനം നടത്തി കണ്ടെയ്‌നര്‍ നീക്കരുതെന്നു നിര്‍ദേശവും നല്‍കിയിരുന്നു. കലക്ടറും കഴിഞ്ഞ മാസം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തിന്റെ ഭൂമിയില്‍ സ്ഥാപിച്ച വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ കൊടിമരങ്ങളും തമിഴ്‌നാട് പോലിസ് സംഘം നീക്കിയിരുന്നു.അനിഷ്ട സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചതോടെ ജില്ലാ എക്‌സൈസ് വിഭാഗത്തിനോട് മോഡ്യൂള്‍ കണ്ടെയ്‌നര്‍ നീക്കം ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിക്കുകയായിരുന്നു.

RELATED STORIES

Share it
Top