കേരളസര്‍ക്കാര്‍ മുസ്‌ലിം സ്‌കാനിംഗ് മെഷീനുകള്‍ ഇറക്കുമതി ചെയ്യുന്നുവോയെന്ന് പികെ ഫിറോസ്മുസ്്‌ലിം ഐഡന്റിറ്റി ഉള്ളവര്‍ക്ക് അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ പ്രത്യേകം സ്‌കാനിംഗിന് വിധേയമാകേണ്ടി വരുന്നത് പോലെയാണ് കേരളത്തിലെ സ്ഥിതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഇത്തരം 'സ്‌കാനിംഗ് മെഷീനുകള്‍' കേരളത്തിലേക്കും ഇറക്കുമതി ചെയ്യുകയാണോ ഈ സര്‍ക്കാരെന്നും ഫിറോസ്് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ചില പ്രത്യേക വിഭാഗം റിവോള്‍വറുമായി പോവുമ്പോള്‍ കണ്ണു പൊത്തുകയും മൊട്ടുസൂചിയുമായി പോകുന്ന മറ്റു ചിലരെ അകത്തിടുകയും ചെയ്യുന്ന ഈ 'മെഷീന്‍' നമ്മുടെ നാടിന് ഒട്ടും ഗുണകരമല്ലെന്നും ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഇന്ത്യൻ ശിക്ഷാ നിയമവും(lPC) വകുപ്പുകളുമെല്ലാം ചില പ്രത്യേക ജന വിഭാഗത്തിന് നേരെ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തിപ്പോൾ സർവ്വ സാധാരണമായിരിക്കുകയാണ്. രാജ്യത്തെ ജയിലുകളിൽ വിചാരണ പൂർത്തിയാകാതെ തടവിലാക്കപ്പെട്ടവരുടെയും ശിക്ഷ വിധിച്ച് ജയിലുകളിൽ കഴിയുന്നവരുടെയും കണക്കെടുത്താൽ ആദിവാസി, ദളിത്, മുസ്‌ലിം ജനവിഭാഗങ്ങളാണ് അതിലധികവും എന്ന് ബോധ്യമാകും. കുറ്റം ചെയ്യുന്നവർ അവർ മാത്രമായത് കൊണ്ടല്ല; നിയമത്തിന്റെ പ്രിവിലേജുകളോ ലൂപ്പ് ഹോൾസോ അവർക്ക് ലഭ്യമല്ല എന്നത കൊണ്ടാണിത് സംഭവിച്ചത്.

ഏറെ പരിഷ്കൃതമെന്നവകാശപ്പെടുന്ന കേരളത്തിലെ സാഹചര്യവും വ്യത്യസ്തമല്ല. പോക്സോ ആക്ട് നടപ്പിലാക്കിയപ്പോൾ കേരളത്തിലെ ആദിവാസികളിലധികവും ജയിലുകളിലടക്കപ്പെടുന്ന സാഹചര്യമുണ്ടായി. നിയമങ്ങളും ഭരണകൂടത്തിന്റെ ടൂളുകളുമെല്ലാം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് നേരെ മാത്രം ഉപയോഗിക്കുന്നു. അത്തരം ജനവിഭാഗമെപ്പോഴും മോണിറ്റർ ചെയ്യപ്പെടുകയും ചെറിയ പിഴവുകൾക്ക് പോലും നിയമത്തിന്റെ നൂലാമാലകളിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നു.


കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കേന്ദ്രത്തിലെ സർക്കാറിനെ തോൽപ്പിക്കും വിധമാണ് മുസ്‌ലിം സമുദായത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നത്. മുസ്‌ലിം ഐഡന്റിറ്റി ഉള്ളതിന്റെ പേരിൽ അമേരിക്കയിലെ എയർപോർട്ടുകളിൽ പ്രത്യേകം സ്കാനിംഗിന് വിധേയമാകേണ്ടി വന്ന വാർത്ത പലകുറി നമ്മൾ കേട്ടിട്ടുണ്ട്. അത്തരം 'സ്കാനിംഗ് മെഷീനുകൾ' കേരളത്തിലേക്കും ഇറക്കുമതി ചെയ്യുകയാണ് ഈ സർക്കാർ. ചില പ്രത്യേക വിഭാഗം റിവോൾവറുമായി പോവുമ്പോൾ കണ്ണു പൊത്തുകയും മൊട്ടുസൂചിയുമായി പോകുന്ന മറ്റു ചിലരെ അകത്തിടുകയും ചെയ്യുന്ന ഈ 'മെഷീൻ' നമ്മുടെ നാടിന് ഒട്ടും ഗുണകരമല്ല.
ശംസുദ്ധീൻ പാലത്തും എം.എം അക്ബറും ഒടുവിൽ ജൗഹർ മുനവ്വിറുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ്. സമാനമായ സാഹചര്യങ്ങളിൽ മറ്റു പലർക്കുമെതിരെ കേസെടുക്കാതിരിക്കുകയും/ കേസെടുത്താൽ തന്നെ നടപടികളെടുക്കാതിരിക്കുകയും ചെയ്യുമ്പോഴാണിതെന്ന് ഓർക്കണം.

നിയമത്തിലും ഭരണഘടനയിലും മുഴുവൻ ജനവിഭാഗത്തിന്റെയും വിശ്വാസം ആർജ്ജിക്കുക എന്നത് ഒരു സമൂഹത്തിന്റെ പുരോഗമനത്തിന് അനിവാര്യമാണ്. വിഭവങ്ങൾ തുല്ല്യമായി വീതിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നിയമവും തുല്യമായി നടപ്പിലാക്കുക എന്നതും. അതിനാലാണ് Equality before law (നിയമത്തിന് മുന്നിൽ എല്ലാവരും തുല്ല്യർ) എന്നത് ഭരണഘടനയിലെ മൗലികാവകാശ തത്വങ്ങളിൽ എഴുതിച്ചേർത്തത്. പിണറായി സർക്കാറിനും അത് ബാധകമാണെന്ന് ഓർമ്മപ്പെടുത്തുന്നു.

RELATED STORIES

Share it
Top