കേരളമണ്ണില്‍ ആദ്യ രഞ്ജി വിജയം സമ്മാനിച്ച നായകന്‍

ഷാജി പാണ്ട്യാല
തലശ്ശേരി:  കേരളത്തിന്റെ മണ്ണിലെ ആദ്യ രഞ്ജി വിജയം സമ്മാനിച്ച നായകനായിരുന്നു ബാബു അച്ചാരത്ത്. കേരള ക്രിക്കറ്റിന്റെ ബാല്യകാല ചരിത്രത്തിലെ ശക്തനായ പ്രതിനിധി. കേരള ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയുടെ ഇതിഹാസ താരം. 1880ല്‍ തലശ്ശേരിയിലാണ് ക്രിക്കറ്റ് കേരളത്തില്‍ സ്റ്റമ്പ് നാട്ടുന്നത്. ഇതോടെ ക്രിക്കറ്റും കേരളവും തമ്മിലുള്ള ബന്ധം ഊഷ്മളമായി. ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബ്, ടെലിച്ചറി ക്ലബ് അടക്കമുള്ള ക്ലബുകള്‍ പിറന്നു.
നിരവധി താരങ്ങള്‍ക്ക് മലബാറിന്റെ മണ്ണിലൂടെ ലോകത്തോളം വളര്‍ന്നു. ബ്രിട്ടിഷ് താരങ്ങള അനുകരിച്ച പലര്‍ക്കും പല പേരുകളും വീണു. അംഗീകാരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അവരില്‍ പലരും കടന്നുപോയി. ‘ആന്‍സന്‍’ അബൂബക്കര്‍ എന്ന വിക്കറ്റ് കീപ്പര്‍ നാവുകൊണ്ട് ബെയില്‍സ് തെറിപ്പിച്ചിരുന്നു എന്നായിരുന്നു കഥ. സ്‌കൂള്‍ പ്യൂണായിരുന്ന മമ്മുവിന്റെ പന്തുകള്‍ പലതും ഷൂട്ടറുകള്‍ ആയിരുന്നു. ബാങ്ക് ജീവനക്കാരനായിരുന്നു ‘കോസ്’ അച്ചു. അച്ചാരത്ത് കുഞ്ഞിപ്പക്കി ബൗളര്‍മാര്‍ക്കെല്ലാം പേടിസ്വപനമായിരുന്നു. കളിയുടെ വ്യാകരണം നന്നായി അറിയുന്ന ഓള്‍ റൗണ്ടറായിരുന്ന ബാബു അച്ചാരത്ത് ക്രീസിലും ഫീല്‍ഡിലും ബൗളിങിലും ഒരുപോലെ തിളങ്ങി.
1935ല്‍ കമ്പൈന്‍ഡ് യൂറോപ്യന്‍സിനെ നേരിടാന്‍ മാത്രം കെല്‍പുള്ള മലബാര്‍ ടീം നമുക്കുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യകാല പ്രഗത്ഭരില്‍ ഒരാളായ വിസ്സി എന്ന വിജയനഗരം രാജാവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ ടീം തലശ്ശേരിയില്‍ വന്നു കളിക്കാന്‍ പോലും സന്നദ്ധരായി. 1935ല്‍ തലശ്ശേരിക്കാരനായ മമ്പള്ളി രാഘവന്റെ നേതൃത്വത്തില്‍ ആദ്യമായി തിരുകൊച്ചി ടീം ബംഗളൂരുവില്‍ ചെന്ന് കര്‍ണാടകയോട് (അന്ന് മൈസൂരു) രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു.
കന്നിക്കളിയില്‍ 21 റണ്‍സിന് പരാജയപ്പെടാനായിരുന്നു കേരളത്തിന്റെ വിധി. 1953ല്‍ തിരുവനന്തപുരത്തായിരുന്നു രഞ്ജി ട്രോഫിയില്‍ കേരള ടീമിന്റെ ആദ്യജയം.
ഇന്ത്യന്‍ നായകന്‍ ഗുലാം അഹമ്മദ് നയിച്ച ഹൈദരാബാദിനെതിരേ ബാലന്‍ പണ്ഡിറ്റിന്റെ സെഞ്ച്വറിയോടെ തിരുകൊച്ചി ടീം എതിരാളികളെ 125 റണ്‍സിനു പരാജയപ്പെടുത്തി. മേഖലാ റൗണ്ടിന്റെ ഫൈനലിലെത്തിയ തിരുകൊച്ചി പക്ഷേ മദ്രാസിനോടു തോറ്റു. 1957 നവംബര്‍ ഒമ്പതിന് മധുരയില്‍ മദ്രാസിനെതിരേയാണ് സംസ്ഥാനമെന്ന നിലയില്‍ കേരളം ആദ്യമായി രഞ്ജി ട്രോഫിയില്‍ പങ്കെടുക്കുന്നത്. 1960ല്‍ ഗുണ്ടൂരില്‍ ആന്ധ്രക്കെതിരേ ബാലന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തിലായിരുന്നു കേരളത്തിന്റെ കന്നി വിജയം.
കേരളമണ്ണില്‍ നേടിയ ആദ്യ ജയമാവട്ടെ 1963ല്‍ തലശ്ശേരിയിലായിരുന്നു. 1963 ഡിസംബര്‍ 14 മുതല്‍ 16 വരെ നടന്ന രജ്ഞി ട്രോഫി മല്‍സരത്തില്‍ തലശ്ശേരി സ്വദേശി ബാബു അച്ചാരത്ത് ആയിരുന്നു നായകന്‍.
കേരളത്തിന്റെ 34ാം മല്‍സരം. ആദ്യവിജയം നാല് വിക്കറ്റിനായിരുന്നു. ഓപണിങ് ബാറ്റ്‌സ്മാന്‍ ജെ എ ഗബ്രിയേല്‍, പേസ് ബൗളര്‍ സി കെ ഭാസ്‌കര്‍, റെയ്റ്റ് ആം മീഡിയം എം എ നന്ദകുമാര്‍ എന്നിവരായിരുന്നു തലശ്ശേരിക്കാര്‍. ബാബു അച്ചാരത്ത് 35 റണ്‍സ് നേടി സ്വന്തം മണ്ണില്‍ ത്രസിപ്പിക്കുന്ന വിജയം നേടി.
മലയാളികളുടേതായ ഒരു മികച്ച ടീം രൂപപ്പെട്ടില്ലെങ്കിലും വ്യക്തിഗത മികവുകൊണ്ട് പേരെടുത്ത ബാബു അച്ചാരത്തിനെ പോലുള്ള നിരവധി കളിക്കാരെ സംഭാവന ചെയ്യാനായി എന്നതാണ് തലശ്ശേരിക്കും കേരളത്തിനും ക്രിക്കറ്റ് സമ്മാനിച്ച ഉപഹാരം.

RELATED STORIES

Share it
Top