കേരളപ്പിറവിക്ക് രാജ്യറാണി സ്വതന്ത്രമായി ഓടും

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: മലബാറിന്റെ റെയില്‍വേ മോഹങ്ങള്‍ക്ക് വേഗമേറുന്നു. നിലമ്പൂരില്‍ നിന്നുള്ള അനന്തപുരി യാത്രയ്ക്ക് രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്ര ട്രെയിന്‍ ആകുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. മലബാറില്‍ നിന്ന് തലസ്ഥാനത്തെത്താന്‍ നിലവില്‍ രാജ്യറാണിക്ക് പാലക്കാട്ടു നിന്നുള്ള അമൃത എക്‌സ്പ്രസിന്റെ സഹായം വേണം. ഇതിന് അറുതി വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. നിലവില്‍ എട്ട് കോച്ചുകള്‍ മാത്രമുള്ള രാജ്യറാണിക്ക് സ്വതന്ത്രമായി സ ര്‍വീസ് നടത്താനുള്ള 16 എല്‍എസ്ഡി കോച്ചുകള്‍ ഉടനെ നല്‍കും.
കേരളപ്പിറവി ദിനത്തില്‍ സര്‍വീസ് ആരംഭിക്കും. ഇതു സംബന്ധിച്ച് എംപിമാരായ പി വി അബ്ദുല്‍ വഹാബും പി കെ കുഞ്ഞാലിക്കുട്ടിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് ദീര്‍ഘനാളായുള്ള നിലമ്പൂരിന്റെയും മലപ്പുറത്തിന്റെയും കാത്തിരിപ്പിന് വിരാമമാകുന്നുവെന്ന വ്യക്തമായ ഉറപ്പ് ലഭിച്ചത്. രാജ്യറാണിയെ സംബന്ധിച്ച തീരുമാനം വേഗത്തിലാക്കുന്നതിനായി ട്രെയിന്‍ ബോഗികളുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മന്ദീപ് സിങ് ഭാട്യയുമായുള്ള കൂടിക്കാഴ്ചയും ചെയര്‍മാന്റെ നിര്‍ദേശപ്രകാരം നടന്നു.
പുതിയ കോച്ച് ലഭിച്ചാല്‍ അടിയന്തര പ്രാധാന്യം നല്‍കി രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് മന്ദീപ് സിങ് ഉറപ്പ് നല്‍കിയതായി എംപിമാരുടെ ഓഫിസില്‍ നിന്നറിയിച്ചു. അതോടൊപ്പം നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രാത്രിവണ്ടിക്കും കാനനപാത ആസ്വദിച്ചുകൊണ്ടുള്ള ട്രെയിന്‍ യാത്രയ്ക്കും പച്ചക്കൊടി ലഭിച്ചു. നിലവിലുള്ള പാസഞ്ചര്‍ ട്രെയിനില്‍ രണ്ടു കോച്ചുകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള വിസ്റ്റാഡോം കോച്ചുകളാണ്. ഇതു സംബന്ധിച്ച് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷാമി ഉറപ്പു നല്‍കി.
രാത്രികാല സര്‍വീസിനായി നിലവിലുള്ള ഷൊര്‍ണൂര്‍ സര്‍വീസുകളെ പ്രാഥമികമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തു നിന്ന് രാത്രി 8.20ന് ഷൊര്‍ണൂരില്‍ എത്തുന്ന പാസഞ്ചര്‍ അവിടെ നിന്ന് 9.05നാണ് പുറപ്പെടുക. തിരുവനന്തപുരത്തു നിന്ന് 8.50ന് ഷൊ ര്‍ണൂരില്‍ എത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നിലമ്പൂര്‍ ഭാഗത്തേക്ക് കണക്ഷന്‍ ലഭിക്കും. നിലമ്പൂരില്‍ നിന്ന് പുലര്‍ച്ചെ 3.00നു മടങ്ങുന്ന ട്രെയിന്‍ 7.30ന് എറണാകുളത്തെത്തും. ഷൊര്‍ണൂരില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ധാരാളം ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കണക്ഷനും ലഭിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ഈ സര്‍വീസ് വളരെയേറെ ഉപകരിക്കും.

RELATED STORIES

Share it
Top