കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചുകോഴിക്കോട്: കെഎസ്ഇബിയെ മാത്രം ആശ്രയിച്ച് സംസ്ഥാനത്തിന്റെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ഫലപ്രദമായ മാനേജ്‌മെന്റ് സിസ്റ്റംകൊണ്ട് മാത്രം എല്ലാ കാലത്തേക്കും പരിഹാരമാവില്ല. രാജ്യത്ത് പല കാര്യങ്ങളിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിനുമാത്രം വിഭവശേഷി ഇവിടെയുണ്ട്. അടുത്ത കാലത്തായി ലോഡ്‌ഷെഡ്ഡിങ്ങും പവര്‍കട്ടും കുറവാണ്. എന്നാല്‍, നമ്മുടെ കൈയില്‍ വിഭവശേഷി കുറവാണെന്ന് ഓര്‍ത്തുകൊണ്ടുതന്നെ മുന്നോട്ടുപോവണം. സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.ഏറ്റവും വിലകുറവുള്ള വൈദ്യുതി ലഭ്യമാക്കണമെങ്കില്‍ ജലവൈദ്യുതിയെ ആശ്രയിക്കേണ്ടിവരും. എന്നാല്‍, ജലവൈദ്യുതിയെ കൂടുതലായി ആശ്രയിക്കാന്‍ സാധിക്കില്ല. അങ്ങനെയാവുമ്പോള്‍ പുതിയ സ്രോതസ്സുകള്‍ നാം കണ്ടെത്തണം. ഇന്ന് ലോകംതന്നെ വലിയ തോതില്‍ സ്വീകരിച്ചിട്ടുള്ള ഒന്നാണ് സൗരോര്‍ജം. ഈ സൗരോര്‍ജം എല്ലാ വികസിതരാഷ്ട്രങ്ങളിലും വലിയ തോതില്‍ ഉപയോഗിക്കുന്നു. എന്നാല്‍, നമ്മള്‍ സൗരോര്‍ജവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അയവിറക്കുകയാണ്. നമ്മുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് വലിയ തോതില്‍ സൗരോര്‍ജം ഉപയോഗിക്കാന്‍ ഗൗരവതരമായ ചിന്തവേണം. താപ വൈദ്യുതി മറ്റു തരത്തില്‍ മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം ഉപയോഗിച്ച്  ഉല്‍പാദിപ്പിക്കാന്‍ നമുക്ക് പ്രായസം വരില്ല. അതല്ലെങ്കില്‍ മറ്റ് ആരെയെങ്കിലും കൂടുതലായി ആശ്രയിക്കേണ്ടിവരും. ആശ്രയിക്കേണ്ട അവസ്ഥ കൂടിവന്നാല്‍ താങ്ങാനാവാത്ത വിലവര്‍ധനവിലേക്ക് പോയെന്നു വരാം. ഇതൊഴിവാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷതവഹിച്ചു. വൈദ്യുതി സുരക്ഷാ കാംപയിന്‍ പ്രഖ്യാപനം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഇ ലെറ്റര്‍ പ്രകാശനം പട്ടിക ജാതി-പട്ടിക വര്‍ഗ, നിയമ മന്ത്രി എ കെ ബാലനും നിര്‍വഹിച്ചു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ എം കെ മുനീര്‍, എ പ്രദീപ്കുമാര്‍, എ കെ ശശീന്ദ്രന്‍, സി കെ നാണു, ഇ കെ വിജയന്‍, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ. വി ശിവദാസന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡോ. കെ ഇളങ്കോവന്‍, എന്‍ വേണുഗോപാല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top