കേരളത്തെ മികച്ച സംസ്ഥാനമാക്കിയത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ : മുഖ്യമന്ത്രിനീലേശ്വരം: കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നിലപാടുകളാണ് കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീലേശ്വരത്ത് നടന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നിലപാടുകളാണ് ഈ സര്‍ക്കാരുകള്‍ പിന്തുടരുന്നത്. അന്നത്തെ സര്‍ക്കാരിന്റെ ഭൂപരിഷ്‌ക്കരവും സാര്‍വ്വത്രിക വിദ്യാഭ്യാസ സമ്പ്രദായവുമാണ് കേരളത്തെ പുരോഗതിയിലേക്ക് നയിച്ചത്. അധികാര വികേന്ദ്രീകരണത്തിന്റെ ആലോചനകള്‍ ഉണ്ടായതും അക്കാലത്താണ്. രണ്ടു വര്‍ഷം മാത്രമേ ആ സര്‍ക്കാരിന് ആയുസുണ്ടായിരുന്നെങ്കിലും ആ സര്‍ക്കാരിന്റെ നിലപാടുകള്‍ രാഷ്ട്രത്തിന് തന്നെ മാതൃകയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ മതപരമായ വിവേചനം ഒഴിവാക്കാനുള്ള ധീരമായ നിലപാട് സര്‍ക്കാര്‍ കൈകൊണ്ടു. അതുകൊണ്ടു തന്നെയാണ് ആ സര്‍ക്കാരിന്റെ ആവേശവും പ്രചോദനവും ഉള്‍ക്കൊണ്ട് സാമൂഹിക നീതിക്കുവേണ്ടിയും എല്ലാ വിഭാഗം ജനങ്ങളുടെ പുരോഗതിക്കും സര്‍ക്കാര്‍ നിലപാടുകള്‍ കൈക്കൊള്ളുന്നത്. ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകന് ഭൂമിയുടെ കുടികിടപ്പ് അവകാശം നല്‍കാന്‍ കൈകൊണ്ട തീരുമാനത്തിന്റെ പിന്തുടര്‍ച്ചയാണ് കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി, എംഎല്‍എമാരായ എം രാജഗോപാല്‍, കെ കുഞ്ഞിരാമന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ കുഞ്ഞിരാമന്‍, എ കെ നാരായണന്‍, എം വി ബാലകൃഷ്ണന്‍, വി വി രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top