കേരളത്തെ നടുക്കിയ നിപാ സിനിമയാവുന്നു

കോഴിക്കോട്: നിപയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സിനിമയാവുന്നു. കോഴിക്കോട് വന്നു നിപയെക്കുറിച്ചുള്ള കഥ കേട്ടപ്പോള്‍ വ്യത്യസ്തമായ വൈകാരികമായ തരംഗങ്ങളാണ് മനസ്സിലുണ്ടാക്കിയതെന്നു സംവിധായകന്‍ ജയരാജ് പ്രസ് ക്ലബ്ബില്‍ നല്‍കിയ സ്വീകരണത്തില്‍ വ്യക്തമാക്കി.
നിപായെക്കുറിച്ചു തന്റെ മനസ്സിലുണ്ടാക്കിയ ചലനങ്ങ ള്‍ ആഴത്തില്‍ പഠനം നടത്തി സിനിമയാക്കി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുമെന്നും ജയരാജ് പറഞ്ഞു. സിനിമാ മേഖലയിലെ സംഘടനാ പ്രശ്‌നങ്ങളേക്കാള്‍ വലുത് സമൂഹത്തിന്റെ പ്രശ്‌നങ്ങളാണ്. അവാര്‍ഡിനര്‍ഹമാക്കിയ ഭയാനകമെന്ന സിനിമയിലെ കാറ്റും മഴയും ഇടിമിന്നലും വെളുത്തതും കറുത്തതുമായ പക്ഷികളും ഒറിജിനലായിരുന്നു. അഭിനേതാക്കളും ടെക്‌നീഷ്യന്മാരുമുള്‍പ്പെടെ പുതിയ മുഖങ്ങളെയാണ് താന്‍ തിരഞ്ഞെടുക്കാറുള്ളത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുപോലും അര്‍പ്പിതമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇവര്‍ക്കു കഴിയും. രാഷ്ട്രീയ-വര്‍ഗീയ കൊലപാതകങ്ങളില്‍ നഷ്ടപ്പെടലുകളുണ്ടാവുന്നത് അമ്മമാര്‍ക്കും ഭാര്യമാര്‍ക്കുമായതിനാലാണ് ഇത്തരം കഥകള്‍ സിനിമകളാക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭയാനകത സാധാരണക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് ഭയാനകമെന്ന സിനിമയിലൂടെ ശ്രമിച്ചത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ യുദ്ധഭീകരതയാണ് ഭയാനകമെന്ന സിനിമയില്‍ ജയരാജ് പുതിയ കാമറാമാന്‍ നിഖിലിനെവച്ച് അവതരിപ്പിക്കുന്നത്. നിഖിലിന്റെ ആദ്യ സിനിമയാണ് ഭയാനകം.

RELATED STORIES

Share it
Top