കേരളത്തെ തകര്‍ക്കാനുള്ള സംഘപരിവാര നീക്കത്തിനെതിരേ നടപടി വേണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: വര്‍ഗീയ ഛിദ്രത സൃഷ്ടിച്ച് കേരളത്തെ തകര്‍ക്കാനുള്ള സംഘപരിവാര ശ്രമത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ദക്ഷിണമേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മതപരിവര്‍ത്തനമാരോപിച്ച് തിരുവനന്തപുരം കുട്ടമല ദേവാലയം അക്രമിക്കുകയും പുരോഹിതനെ കൈയേറ്റം ചെയ്യുകയും ചെയ്തത് ഇതിന്റെ തുടര്‍ച്ചയാണ്. നാടിന്റെ ബഹുസ്വരത ചോദ്യംചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. മതവിദ്വേഷം നിറഞ്ഞ വിഷലിപ്ത സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു നാടിനെ അശാന്തിപര്‍വമാക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്.
ഈ സാഹചര്യത്തില്‍ നാടിന്റെ നന്‍മയും സ്‌നേഹവും മതസൗഹാര്‍ദവും കുഞ്ഞുമനസ്സുകളില്‍ ഊട്ടിയുറപ്പിക്കാന്‍ സ്ത്രീ സമൂഹം ജാഗരൂഗരാവണം. സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള മനസ്സും ഭാവി തലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ മാതൃത്വം കരുതലെടുക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ചന്ദ്രിക, പത്തനംതിട്ട ജില്ല പ്രസിഡന്റ് ഷംന, പഞ്ചായത്ത് അംഗം വല്‍സല, കൊല്ലം ജില്ല പ്രസിഡന്റ് ഷൈലജ, ആലപ്പുഴ ജില്ല പ്രസിഡന്റ് റൈഹാനത്ത് സുധീര്‍, തിരുവനന്തപുരം ജില്ല പ്രസിഡന്റ് സുമയ്യ സംസാരിച്ചു.

RELATED STORIES

Share it
Top