കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാര ശ്രമം: ഐഎന്‍എല്‍ ഡെമോക്രാറ്റിക്

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി ഉള്‍പ്പടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്നും ഈ നീക്കം എല്ലാ വിഭാഗം ജനങ്ങളും തിരിച്ചറിയണമെന്നും ഐഎന്‍എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് പുറവൂരും ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടിയും വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.
ശബരിമല ദര്‍ശനത്തിന് പോയ സ്ത്രീകളെ മാത്രമല്ല പ്രതിക്ഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വരെ ആക്രമിക്കപ്പെട്ടത് ഗൗരവത്തോടെ കാണേണ്ടതാണ് . ഈ നിലപാടിലൂടെ സുപ്രിം കോടതിയുടെ പവിത്രത മാത്രമല്ല, ശബരിമലയുടെ പവിത്രത കൂടിയാണ് അക്രമകാരികള്‍ തകര്‍ത്തത് .സ്ത്രീകളെ നടുറോഡില്‍ പരസ്യമായി മര്‍ദിക്കുന്നവരെ ഭക്തര്‍ എന്ന് പറയാന്‍ സാധിക്കില്ല.കാലങ്ങളായി തുടരുന്ന ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് പറയുന്നതിനോടൊപ്പം ഭരണഘടനാധിഷ്ഠിത റിപ്പബ്ലിക്കായ രാജ്യത്ത് പരമോന്നത നീതിപീഠമായ സുപ്രിം കോടതി വിധികളെ തള്ളിക്കളയാന്‍ സാധിക്കില്ല.
ഇത് മനസിലാക്കി ആവശ്യമായ ക്രിയാത്മക നടപടികളാണ് ഭരണാധികാരികളും സമരക്കാരും ചെയ്യേണ്ടത്.പുനഃപരിശോധന ഹരജി നല്‍കണമെന്ന് പറഞ്ഞു സംസ്ഥാനത്തു അക്രമം കാട്ടുന്ന ബിജെപി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ കേന്ദ്ര ഗവണ്‍മെന്റിനെ കൊണ്ട് ഒരു പുനഃപരിശോധന ഹരജി ഫയല്‍ ചെയ്യിപ്പിക്കാവുന്നതേയുള്ളുവെന്ന് സമരക്കാര്‍ തിരിച്ചറിയണം.
വിധിയെ മറികടക്കാന്‍ ആവശ്യമെങ്കില്‍ ഓര്‍ഡിനെന്‍സ് ഇറക്കുവാനും കേന്ദ്ര സര്‍ക്കാരിന് കഴിയും എന്നിരിക്കവേ ഇത് ചെയ്യാതെ അക്രമങ്ങള്‍ അഴിച്ചുവിട്ട് മലയാളികളുടെ മതേതര പാരമ്പര്യം തകര്‍ത്ത് നാടിനെ കാലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ഇരുവരും പറഞ്ഞു.

RELATED STORIES

Share it
Top