കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ഡിജിപി

കൊച്ചി: കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നും ഇ-ജാഗ്രത പോലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് പരിശീലനം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ-ജാഗ്രത പദ്ധതിയുടെ നാലാംഘട്ടം കാക്കനാട് ഇന്‍ഫോ പാര്‍ക്ക് ടിസിഎസ് കാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഇ-ജാഗ്രത പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുമുണ്ട്. ഐടി അധിഷ്ഠിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേരളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം, കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും ഡിജിപി പറഞ്ഞു.
ഇന്റര്‍നെറ്റില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് ഒരു കുറ്റകൃത്യമാണ് എന്നുള്ള അറിവില്ല.
ഇക്കാര്യങ്ങളില്‍ ബോധവല്‍ക്കരണത്തിന് ഇ-ജാഗ്രത പോലുള്ള പരിപാടികള്‍ സഹായിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇത്തരം പരിപാടികള്‍ നടത്തേണ്ടതാണെന്നും ഡിജിപി അഭിപ്രായപ്പെട്ടു.ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല  മുഖ്യപ്രഭാഷണം നടത്തി. ദിനേശ് പി തമ്പി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി എ സന്തോഷ്,  പി വി രശ്മി, റോണി സംസാരിച്ചു.

RELATED STORIES

Share it
Top