കേരളത്തില്‍ ലൗജിഹാദില്ല: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്‌

റിയാദ്: കേരളത്തില്‍ ലൗജിഹാദ് റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നു മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. താന്‍ ഡിജിപിയായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ആദ്യം ലൗജിഹാദ് ആരോപണം ഉയരുന്നത്. ജിഹാദ് ലക്ഷ്യംവയ്ക്കുന്നവന് പ്രണയിക്കാനോ പ്രണയിക്കുന്നവന് ജിഹാദിനു പോവാനോ കഴിയില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ ലൗജിഹാദ് എന്നൊന്നില്ല. ഹ്രസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയതായിരുന്നു മുന്‍ പോലിസ് മേധാവി ജേക്കബ് പുന്നൂസ്. മതത്തിന്റെ ചട്ടക്കൂടില്‍ പ്രണയത്തെ കെട്ടിയിടുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത്. അതിനു കാരണമാവുന്ന പരാമര്‍ശങ്ങളോ നടപടിയോ പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലെന്ന് ടി പി സെന്‍കുമാറിന്റെ പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി. കേരളം തീവ്രവാദത്തിന്റെ ഭൂമികയല്ല. ഇന്റര്‍നെറ്റ് മുഖേനയും മറ്റും ഇത്തരത്തില്‍ ആളുകളുടെ റിക്രൂട്ടിങ് നടക്കുന്നുണ്ട്. തിമിംഗലമാണെന്ന തോന്നലില്ലാത്തത് കൊണ്ടാണ് കൂടെ സഞ്ചരിച്ച സ്രാവുകളെ ക്കുറിച്ച് എഴുതാത്തതെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകരെക്കുറിച്ചോ സംവിധാനത്തെക്കുറിച്ചോ പറയാനുള്ളത് സര്‍വീസിലിരിക്കുമ്പോള്‍ ഔദ്യോഗികമായി രേഖപ്പെടുത്തണം. അതിന് ധൈര്യം കാണിക്കാതെ പിന്നീട് വിളിച്ചുപറയുന്നത് ധാര്‍മികതയ്ക്കും കൂട്ടുത്തരവാദത്തിനും യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top