കേരളത്തില്‍ ലിഫ്റ്റ് സംവിധാനമുള്ള ലൈറ്റ്ഹൗസ് വൈപ്പിനില്‍ മാത്രംവൈപ്പിന്‍: ഉയരത്തില്‍ നിന്ന് കൊച്ചി നഗരവും സമീപപ്രദേശങ്ങളും കടലിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരവും ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ പുതുവൈപ്പിനിലെ വൈപ്പിന്‍ ലൈറ്റ് ഹൗസ് സന്ദര്‍ശകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് സംവിധാനമുള്ള ലൈറ്റ്ഹൗസെന്ന പേരുമായാണ് പുതുവൈപ്പിനിലെ ലൈറ്റ് ഹൗസ് വെളിച്ചംവീശുന്നത്. ലൈറ്റ്ഹൗസിന്റെ മുകളില്‍ നിന്നുള്ള മനോഹര കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ ഇനി മുകളിലേക്കുള്ള പടികള്‍ നടന്നു കയറേണ്ട കാര്യമില്ല. സന്ദര്‍ശകര്‍ക്ക് അനായാസം മുകളിലെത്താവുന്ന അത്യാധുനിക ലിഫ്റ്റ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്്. ലിഫ്റ്റ് സൗകര്യമുള്ള, കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും  ലൈറ്റ് ഹൗസാണ് പുതുവൈപ്പിനിലേത്. ചെന്നൈ ലൈറ്റ്ഹൗ—സില്‍ മാത്രമാണു നിലവില്‍ ലിഫ്റ്റ് സംവിധാനമുള്ളത്. രാജ്യത്തെ ഒട്ടുമിക്ക ലൈറ്റ്ഹൗസുകളും ലിഫ്റ്റ് സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മിച്ചിട്ടുള്ളതെങ്കിലും വന്‍ സാമ്പത്തികഭാരം കണക്കിലെടുത്ത് ലിഫ്റ്റ് നിര്‍മിച്ചിരുന്നില്ല. പടികള്‍ ചവിട്ടി കയറി മാത്രമേ സന്ദര്‍ശകര്‍ക്കു മുകളിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. നൂറുകണക്കിനു പടികള്‍ കയറേണ്ടിവരുന്നത് വയോധികരായ സന്ദര്‍ശകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം  ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ വൈപ്പിന്‍ ലൈറ്റ്ഹൗസില്‍ പ്രവേശിക്കാം. 1979ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ലൈറ്റ്ഹൗസില്‍ മുമ്പ് വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെ മാത്രമായിരുന്നു പ്രവേശനം. 150 അടി ഉയരമുള്ള ലൈറ്റ്ഹൗസില്‍  265 പടികളുണ്ട്. തെളിഞ്ഞ ആകാശമാണെങ്കില്‍ കൊച്ചി, എറണാകുളം, കാക്കനാട് തുടങ്ങി പുറംകടലിലൂടെ പോവുന്ന കൂറ്റന്‍ കപ്പലുകളെയൊക്കെ നന്നായി കാണാന്‍ സാധിക്കും.

RELATED STORIES

Share it
Top