കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള വിദഗ്ധ സമിതിയുടേതാണ് തീരുമാനം. സംസ്ഥാനത്തെ ഖനനത്തിന്റെ വ്യാപ്തി ഉള്‍പ്പെടെ സമഗ്ര വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് തേടാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രളയത്തിനു ഖനനവും കാരണമായെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പരിഗണിച്ചാണ് ആഗസ്ത് 24നു ചേര്‍ന്ന സമിതി കടുത്ത നടപടിയെടുത്തത്. ഖനനത്തിന് അനുമതി നല്‍കേണ്ട സംസ്ഥാനതല പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ കാലാവധി കഴിഞ്ഞതിനാലാണ് സംസ്ഥാനത്തെ ക്വാറി ഉടമകള്‍ കേന്ദ്രത്തെ സമീപിച്ചത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഇടുക്കി, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ 25 ഹെക്ടറില്‍ താഴെയുള്ള ആറു ക്വാറികള്‍ക്ക് അനുമതി തേടിയാണ് ഉടമകള്‍ മന്ത്രാലയത്തെ സമീപിച്ചിരുന്നത്. സംസ്ഥാനത്തു നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളില്‍ സംസ്ഥാനതലത്തില്‍ അനുമതി ലഭിച്ചവയുടെ എണ്ണം, കേരളത്തിലെ ഖനനപ്രവര്‍ത്തനങ്ങളുടെ വ്യാപ്തി, അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തതയില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നു സമഗ്രമായ വിവരങ്ങള്‍ തേടേണ്ടതുണ്ട്. സംസ്ഥാനത്തെ ദുരന്തത്തിന്റെ യഥാര്‍ഥ കാരണം ഉത്തരവാദിത്തപ്പെട്ട അതോറിറ്റികള്‍ പറയേണ്ടതുണ്ടെങ്കിലും ഖനനവും ഒരു കാരണമായെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി. അതേസമയം, കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്മേലുള്ള കരടു വിജ്ഞാപനം പുതുക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ അനുമതി നല്‍കിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനു പിന്നാലെയാണ് കേന്ദ്രം വിജ്ഞാപനം പുതുക്കാന്‍ അനുമതി നല്‍കിയത്. 2017ലെ കരടു വിജ്ഞാപനം അതേപടി നടപ്പാക്കണമെന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. അതേസമയം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ഭേദഗതികള്‍ അംഗീകരിക്കുമോ എന്നു വ്യക്തമല്ല. കൂടുതല്‍ പ്രദേശങ്ങളെ വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാനാകുമോ എന്ന കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തില്‍ നിന്നു നിയമോപദേശം തേടിയിട്ടുണ്ട്.

RELATED STORIES

Share it
Top