കേരളത്തില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന

നെടുമ്പാശ്ശേരി: ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കു വിഷു ആഘോഷിക്കുന്നതിനായി കേരളത്തില്‍ നിന്നു പച്ചക്കറി കയറ്റുമതി ചെയ്യുന്നതില്‍ വന്‍ വര്‍ധന. സംസ്ഥാനത്തിന്റെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നായി 6000 ടണ്ണിലധികം പച്ചക്കറികള്‍ ഗള്‍ഫിലേക്ക് മാത്രം വിഷു ആഘോഷത്തിനായി കയറ്റുമതി ചെയ്യുന്നുണ്ട്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു മാത്രമായി 2429.70 ടണ്‍ പച്ചക്കറികള്‍ ആണ് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ രണ്ടിന് ആരംഭിച്ച പച്ചക്കറി കയറ്റുമതി 13 വരെ തുടരും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിഷു പച്ചക്കറി കയറ്റുമതിയില്‍ 25 ശതമാനം വര്‍ധനവാണ് ഉള്ളത്. ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലെ കാര്‍ഗോ വഴിയുള്ള കയറ്റുമതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണു വിഷു പ്രമാണിച്ചുള്ള പച്ചക്കറി കയറ്റുമതിയില്‍ വര്‍ധന ഉണ്ടായത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലെയും കാര്‍ഗോ വഴിയുള്ള കയറ്റുമതിയില്‍ ഇപ്പോള്‍ 70 ശതമാനവും പച്ചക്കറികളാണ് കയറ്റുമതി ചെയ്യുന്നത്.  വിഷുപ്രമാണിച്ചുള്ള തിരക്ക് കണക്കിലെടുത്ത് പ്രത്യേക ശീതീകരണ സംവിധാനം ഒരുക്കി യാണ് ഗള്‍ഫ് നാടുകളിലേക്കു പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. വിഷുവിന്റെ പ്രധാന ഇനങ്ങളായ കണിക്കൊന്ന, കണിവെള്ളരി, കണി ച്ചക്ക, നേന്ത്രക്കായ, മുരിങ്ങക്കായ, ചേമ്പ്, ചേന എന്നിവയാണു പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
മാങ്ങ, ചക്ക, ചക്കക്കുരു തുടങ്ങിയവയും അധികമായി കയറ്റുമതി ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ 35 മുതല്‍ 65 ശതമാനം വരെയാണ് ഗള്‍ഫിലേക്ക് പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. ജനറല്‍ വിഭാഗത്തില്‍ വളരെ കുറച്ച് സാധനങ്ങളെ ഇപ്പോള്‍ കയറ്റുമതി ചെയുന്നുള്ളൂ. നാട്ടില്‍ വിവിധ സഹകരണ സംഘങ്ങള്‍ വഴി കൃഷി ചെയുന്ന പച്ചക്കറികളാണു കയറ്റുമതിക്ക് ഉപയോഗിക്കുന്നത്.
കൂടാതെ മലബാര്‍ മേഖലയിലെയും ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംത്തിട്ട, എറണാകുളം ജില്ലകളിലെയും ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്നും കയറ്റുമതിക്കായി പച്ചക്കറികള്‍ ശേഖരിക്കുന്നുണ്ട്. കയറ്റുമതി ചെയ്യുന്ന പച്ചക്കറികള്‍ ശേഖരിക്കുന്നതിന് മുമ്പ് കര്‍ഷകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കാറുണ്ട്. ഓണത്തെ പോലെ വിഷുവിനും ഊണു കഴിക്കാനുള്ള വാഴയിലയ്ക്കും വന്‍ ഡിമാന്റാണ്.

RELATED STORIES

Share it
Top