കേരളത്തില്‍ നാലാം മുന്നണി ഉടന്‍ രൂപീകരിക്കുമെന്ന് പിസി ജോര്‍ജ്

കാഞ്ഞിരപ്പള്ളി: കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന് പ്രസക്തിയുള്ളുവെന്നും അതിനാല്‍ കേരള ജനപക്ഷവും സഖ്യകക്ഷികളും ചേര്‍ന്ന് ഒരു നാലാംമുന്നണി ഉടന്‍ രൂപീകരിക്കുമെന്നും പിസി ജോര്‍ജ് എംഎല്‍എ. കേരളജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ 32 ഓളം പട്ടികജാതി സംഘടനകള്‍ ഉള്‍പ്പെടെ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള നിരവധി സംഘടനകളും വിവിധ പ്രസ്ഥാനങ്ങളും കൂട്ടായ്മകളും ജനപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരെയെല്ലാം കൂട്ടിയിണക്കി ഒരു നാലാംമുന്നണി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്ത ലോകസഭ നിയമസഭാ ത്രിതലപഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും മല്‍സരിച്ച് കേരളത്തില്‍ അധികാരത്തിലെത്താനാണ് ജനപക്ഷം ലക്ഷ്യമിടുന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നും ജനപക്ഷം പാര്‍ട്ടിയിലേക്ക് ചേരാനെത്തിയ പ്രവര്‍ത്തകരെ പിസി ജോര്‍ജ് സ്വാഗതം ചെയ്തു.
കേരളാ കോണ്‍ഗ്രസില്‍നിന്നുമെത്തിയവരോട് ജനപക്ഷം പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് തങ്ങളുടെ പഴയ കേരളാ കോണ്‍ഗ്രസ് സംസ്‌കാരം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍കുത്ത് സംസ്‌കാരത്തിന് തങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്ന കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടക്കമിട്ടാല്‍ അവരെ തനിക്ക് പുറത്താക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മുന്നണികളില്‍നിന്നും പുറത്താക്കപ്പെട്ട കെ എം മാണി നിയമസഭയില്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. അദ്ദേഹത്തോട്  സംസാരിക്കാന്‍ പോലും ആരും മെനക്കെടാറില്ലെന്നും സഹതാപം തോന്നി താന്‍ പലപ്പോഴും അദ്ദേഹത്തെ ആശ്വസിപ്പിക്കാറുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

RELATED STORIES

Share it
Top