കേരളത്തില്‍ നടക്കുന്നത് വിചിത്രമായ രാഷ്ട്രീയക്കളി

രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വച്ചുപുലര്‍ത്തുന്ന കാപട്യത്തിന്റെയും അവസരവാദത്തിന്റെയും ആഴം വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു വിഷയത്തിലും രാഷ്ട്രീയമായ ലാഭനഷ്ടങ്ങളെക്കുറിച്ച മനക്കണക്കുകളുടെ അടിസ്ഥാനത്തിലല്ലാതെ സത്യം, നീതി, നിയമം, രാജ്യതാല്‍പര്യം എന്നിവ പരിഗണിച്ചുകൊണ്ടുള്ള വ്യക്തമായ നിലപാടുകള്‍ അവയുടെ നേതാക്കള്‍ക്കില്ല. മിക്കപ്പോഴും ജനങ്ങള്‍ക്കു മുമ്പില്‍ കപടനാടകങ്ങള്‍ അവതരിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഇപ്പോള്‍ വിവാദങ്ങള്‍ കൊഴുക്കുന്നത്. പ്രസ്തുത വിധിക്ക് ആധാരമായ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അഭിഭാഷകര്‍ മുഴുവന്‍ ബിജെപി പശ്ചാത്തലമുള്ളവരാണെന്ന സത്യം ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. സുപ്രിംകോടതി വിധിയെ ഏറ്റവും ആദ്യം സ്വാഗതം ചെയ്തത് ആര്‍എസ്എസ്-ബിജെപി നേതാക്കളായിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയെയും ടി ജി മോഹന്‍ദാസിനെയും പോലുള്ള പരിവാരനേതാക്കള്‍ ഇപ്പോഴും കോടതിവിധിക്ക് അനുകൂലമായാണു സംസാരിക്കുന്നത്. അതെ, ബിജെപിയാണ് കേരളത്തില്‍ കോടതിവിധിക്കെതിരേ ഹിന്ദുവികാരമുണര്‍ത്തി സംസ്ഥാനത്തിന്റെ തെരുവുകളെയും ശബരിമലയുടെ പരിസരങ്ങളെയും കലാപഭൂമിയാക്കാന്‍ രാപകല്‍ അധ്വാനിക്കുന്നത്.
ആര്‍എസ്എസ് നാടകങ്ങള്‍ക്കു കുടപിടിക്കുന്ന കപട രാഷ്ട്രീയമാണ് കേരളത്തിലെ ഐക്യമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ പയറ്റുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താനൊരു മതേതര രാഷ്ട്രീയചേരിക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണെന്ന വസ്തുത പോലും മറന്നപോലെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലെയുള്ള കോണ്‍ഗ്രസ്സിന്റെ ഉന്നതനേതാക്കള്‍ പലരും ചെന്നിത്തലയുടെ വിടുവായത്തത്തിനു കൂട്ടിനുണ്ട്. അതേസമയം, കോണ്‍ഗ്രസ്സിന്റെ ദേശീയനേതൃത്വം കോടതിവിധിക്ക് അനുകൂലമായാണു പ്രതികരിച്ചത്. കോണ്‍ഗ്രസ്സിനെ അനുകൂലിക്കുക എന്നതിലപ്പുറം രാഷ്ട്രീയ ബാധ്യതകള്‍ ഒന്നുമില്ലാത്ത മുസ്‌ലിംലീഗാവട്ടെ, ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന നാമജപയാത്രകള്‍ക്ക് അഭിവാദ്യം നേര്‍ന്ന് സ്വന്തം ഉള്ളം കുളിര്‍പ്പിക്കുന്നു.
രാജ്യത്തിന്റെ പരമോന്നത നീതിപീഠം നടത്തിയ വിധി നടപ്പാക്കാന്‍ മാത്രമേ ഒരു സംസ്ഥാന ഭരണകൂടത്തിന് സാധ്യമാകൂ എന്ന് അറിയാത്തവരല്ല ശബരിമലയുടെ പേരില്‍ കലാപത്തിനു ശ്രമിക്കുന്നവരാരും. കോടതിവിധി മറികടക്കുന്ന നിയമനിര്‍മാണത്തിന് മുന്‍കൈയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അതാവട്ടെ, ബിജെപിയുടെ കൈയിലുമാണ്. വിധി പുനപ്പരിശോധിക്കാനുള്ള നിയമപരമായ നടപടികളുമാവാം. അതിനു പകരം സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ബിജെപി അധ്യക്ഷന്‍ കേരളത്തില്‍ കാലുകുത്തിയത്. തങ്ങള്‍ മുമ്പ് എന്ത് പറഞ്ഞുവെന്നു നോക്കാതെ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവിധം പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും മുമ്പില്‍ തന്നെ.

RELATED STORIES

Share it
Top