കേരളത്തില്‍ നടക്കുന്നത് ഉപദേശികളുടെ ഭരണം: എം കെ മനോജ്കുമാര്‍

പറവൂര്‍: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത് ഉപദേശികളുടെ ഭരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍. എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ജില്ലയിലെ പറവൂരില്‍ ചുമട്ട് തൊഴിലാളികളില്‍നിന്ന് ആദ്യഗഡു ഏറ്റുവാങ്ങി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ഉപദേശിക്കാനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നത്. എന്നിട്ടും ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ സര്‍വ രംഗത്തും സര്‍ക്കാര്‍ പരാജയമാണ്. അതിന്റെ ജാള്യത മറയ്ക്കാനും വിമര്‍ശനങ്ങളില്‍നിന്ന് രക്ഷപ്പെടാനുമാണ് പാര്‍ട്ടി ജില്ലാസമ്മേളനങ്ങളില്‍ മുഴുസമയവും മുഖ്യമന്ത്രി  പങ്കെടുക്കുന്നതെന്നും മനോജ്കുമാര്‍ പറഞ്ഞു. പാര്‍ട്ടി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍, വൈസ് പ്രസിഡന്റ് ഷിഹാബൂദ്ദീന്‍, എസ്ഡിടിയു പറവൂര്‍ മേഖലാ സെക്രട്ടറി ഷംജാദ്, വൈസ് പ്രസിഡന്റ് എന്‍ എസ് അബ്ദുല്ല, അന്‍ഷാദ് പങ്കെടുത്തു. എസ്ഡിടിയു മേഖലാ സെക്രട്ടറി ഷംജാദ് ഫണ്ട് കൈമാറി.

RELATED STORIES

Share it
Top