കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ പെയ്യുന്ന മഴ അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി.
മിന്നലും ഇടിയോടും കൂടിയ കനത്ത മഴയാവും പെയ്യുക. ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു. ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം. പീരുമേട് താലൂക്കുകളിലാണ് ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ്. എട്ട് തെക്കന്‍ ജില്ലകളില്‍ മഴയ്‌ക്കൊപ്പം കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും നിര്‍ദേശമുണ്ട്.  മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കഴിഞ്ഞ രണ്ടുദിവസമായി ഇടിമിന്നലോടുകൂടിയ മഴ വ്യാപകമായി ലഭിക്കുന്നുണ്ട്.
കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴി പടിഞ്ഞാറേക്ക് നീങ്ങി ലക്ഷദ്വീപിന് സമീപത്താണിപ്പോള്‍. ഇതിന്റെ സ്വാധീനം കാരണമാണ് കേരളത്തില്‍ പരക്കെ മഴ പെയ്യുന്നത്. കേരളത്തിന് പുറമേ മറ്റ് 12 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര, ബിഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, ഒഡീഷ, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തിനൊപ്പം മുന്നറിയിപ്പുള്ളത്.

RELATED STORIES

Share it
Top