കേരളത്തില്‍ ആഫ്രിക്ക കണ്ടെത്തിയ ഗവേഷകന്‍

സമദ്  പാമ്പുരുത്തി
കണ്ണൂര്‍: ആദിവാസി ജനവിഭാഗങ്ങള്‍ ഇന്നും ഭരണകൂടത്തിനും സമൂഹത്തിനും തിരസ്‌കൃതരാവുമ്പോള്‍ കാടിന്റെ മക്കള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പഠിച്ച പൗരാവകാശ പ്രവര്‍ത്തകനായിരുന്നു കെ പാനൂര്‍. ഒരു നാടിന്റെ പേരിനെ തന്റെ തൂലികാനാമമാക്കി സഹൃദയമനസ്സുകളില്‍ ഒരനുഭൂതിയായി അദ്ദേഹം പടര്‍ന്നുകയറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തനം നെഞ്ചേറ്റി.
പാനൂരില്‍ ജര്‍മന്‍ മിഷണറിമാര്‍ സ്ഥാപിച്ച ബസേലിയസ് യുപി സ്‌കൂള്‍, കതിരൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആദിവാസി മേഖലയിലേക്ക് തന്റെ പ്രവര്‍ത്തനം തിരിച്ചുവിടാന്‍ കെ പാനൂരിനെ പ്രേരിപ്പിച്ചത് ബംഗാളി നോവലിസ്റ്റായ വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ 'ആരണ്യക്' എന്ന നോവലാണെന്നു കരുതപ്പെടുന്നു. അങ്ങനെയായിരുന്നു 'കേരളത്തിലെ ആഫ്രിക്ക', 'കേരളത്തിലെ അമേരിക്ക' എന്നീ കൃതികളുടെ പിറവി. മലനാട്ടിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരോടുള്ള യുദ്ധമാണ് 'കേരളത്തിലെ ആഫ്രിക്ക.' ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥനായി വയനാട്ടിലെത്തിയ പാനൂര്‍ തന്റെ ജോലിയുടെ ഭാഗമായി നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് പ്രതിപാദ്യം.
ആദിവാസി ജനതയോടു ഭരണകൂടം കാണിക്കുന്ന അവഗണനയെപ്പറ്റി തുറന്നെഴുതിയ ഈ ഗ്രന്ഥം അന്നത്തെ സര്‍ക്കാരിനെ ചൊടിപ്പിക്കുകയുണ്ടായി. പുസ്തകത്തിന് അവതാരിക എഴുതിയതാവട്ടെ എന്‍ വി കൃഷ്ണവാര്യരാണ്. കൃഷ്ണവാര്യര്‍ തന്നെയാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ കെ പാനൂരിനെ സഹായിച്ചതും. എന്‍ബിഎസ് പ്രസിദ്ധീകരിച്ച പുസ്തകം കണ്ടുകെട്ടാനും ഗവ. ഉദ്യോഗസ്ഥനായിരുന്ന കെ പാനൂരിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും സര്‍ക്കാര്‍ മുതിര്‍ന്നു. പിന്നീട് യുനസ്‌കോ പുരസ്‌കാരം ലഭിച്ചപ്പോഴാണ് ഭരണകൂടം പത്തിമടക്കിയത്. 'കേരളത്തിലെ ആഫ്രിക്ക' കാലിക്കറ്റ് സര്‍വകലാശാല ബിരുദ ക്ലാസുകളില്‍ പാഠപുസ്തകമായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും നേടി.
ആദിവാസികളോടുള്ള തന്റെ സ്‌നേഹം ആധ്യാത്മികമാണെന്നായിരുന്നു പാനൂരിന്റെ പക്ഷം. 1975ല്‍ വീണ്ടും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. പിന്നീടെഴുതിയ 'എന്റെ ഹൃദയത്തിലെ ആദിവാസി' പാനൂരിന്റെ ആത്മകഥയാണ്. എം വി ദേവന്‍, വി ആ ര്‍ കൃഷ്ണയ്യര്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പി കെ രാജന്‍ തുടങ്ങിയവരായിരുന്നു സുഹൃത്തുക്കളില്‍ പ്രമുഖര്‍. ഡെപ്യൂട്ടി കലക്ടറായാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. മലയാള കലാഗ്രാമം സ്ഥാപിതമായപ്പോള്‍ അതിന്റെ രജിസ്ട്രാറായി നിയമിതനായി. 10 വര്‍ഷത്തോളം ആ പദവി വഹിച്ചു.

RELATED STORIES

Share it
Top