കേരളത്തിലേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യദോഹ: പെരുന്നാള്‍, സ്‌കൂള്‍ അവധി തിരക്കും ഖത്തറിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് അധിക വിമാനങ്ങള്‍ പറത്തും. ഈ മാസം 24, 25 തിയ്യതികളില്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമാണ് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ഗപാക് പ്രസിഡന്റ് കെ കെ ഉസ്മാന്‍ ഗള്‍ഫ് തേജസിനോട് പറഞ്ഞു. അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പെരുന്നാള്‍ അവധിക്കും മറ്റും നാട്ടില്‍ പോവുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഗപാക് അംബാസഡര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ വിഷയം ഇന്ത്യന്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അംബാസഡര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, കോഴിക്കോട്ടേക്ക് അധിക സര്‍വീസ് ഏര്‍പ്പെടുത്താന്‍ എയര്‍ഇന്ത്യ തയ്യാറായിട്ടില്ല. കോഴിക്കോട്ടേക്ക് രണ്ടു ദിവസം മാത്രമേ സീറ്റ് ഫുള്‍ ആയിട്ടുള്ളൂ. അതേസമയം, 2000 റിയാലിനു മുകളിലാണ് ഇപ്പോള്‍ കോഴിക്കോട് റൂട്ടിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വണ്‍വേ ടിക്കറ്റിന് ഈടാക്കുന്നത്. നിരക്ക് ഇത്രയും കൂടുതലായതിനാലാണ് ആളുകള്‍ നേരിട്ടുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയ്യാറാവാത്തത്. അധിക വിമാനം ഏര്‍പ്പെടുത്തും മുമ്പ് നിരക്ക് കുറയ്ക്കുന്ന കാര്യമാണ് പരിഗണിക്കേണ്ടിയിരുന്നതെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top