കേരളത്തിലേക്കുള്ള ബസ് മൈസൂരുവില്‍ തട്ടിയെടുത്തു

കണ്ണൂര്‍: കണ്ണൂരിലേക്കു വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മൈസൂരുവിനു സമീപം തടഞ്ഞുനിര്‍ത്തി തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രി 10ഓടെ  മൈസൂരു സര്‍ക്കിളിലെ കെങ്കേരി രാജരാജേശ്വരി നഗറിലാണു സംഭവം. കൊള്ളസംഘത്തിലെ നാലു പേര്‍ അറസ്റ്റിലായി.
ബംഗളൂരുവില്‍നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട കെഎ 01 എജി 636 റൂബിലാമ ബസ്സാണ് തട്ടിയെടുത്തത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേര്‍ ബസ് തടയുകയായിരുന്നു. പിന്നീട് ഡ്രൈവറെ മര്‍ദിച്ച ശേഷം 40 യാത്രക്കാരുള്ള ബസ് അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടെ യാത്രക്കാരെ ബന്ദിയാക്കി മാരകായുധങ്ങള്‍ കാട്ടി പണം ആവശ്യപ്പെട്ടു. ഇതിനിടെ യാത്രക്കാരില്‍ ഒരാള്‍ സംഭവം പോലിസിനെ ഫോണില്‍ അറിയിച്ചു. സായുധ പോലിസ് സംഘമെത്തിയാണ് യാത്രക്കാരെ മോചിപ്പിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. തുടര്‍ന്നു ബസ് കണ്ണൂരിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ചില്‍ മൈസൂരുവിനടുത്ത യെലവാല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സിന് നേരെ ആക്രമണമുണ്ടായിരുന്നു. 2017 ആഗസ്ത് 31ന് രാത്രി കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സില്‍ ചന്നപ്പട്ടണം പോലിസ് സ്‌റ്റേഷന് സമീപം കത്തി കാട്ടി കവര്‍ച്ച നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കണ്ണൂരില്‍ നിന്നു ബംഗളൂരുവിലേക്കു വന്ന ലോറി ശ്രീരംഗപട്ടണയ്ക്കു സമീപം തടഞ്ഞ് പണം കവര്‍ന്നു.
ആയുധങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനാല്‍ പണം കൊടുത്ത സംഭവങ്ങളും നിരവധി. പരാതിപ്പെട്ടിട്ടും കൊള്ളക്കാര്‍ക്കെതിരേ പോലിസ് നടപടി ഉണ്ടാവുന്നില്ലെന്നാണു ഡ്രൈവര്‍മാരുടെ ആരോപണം.

RELATED STORIES

Share it
Top